കവളങ്ങാട് : പട്ടാപ്പകൽ കവളങ്ങാട് – മങ്ങാട്ടുപടി – പരീക്കണ്ണി റോഡ് നടുറോഡ് സ്വകാര്യകമ്പനി ഇന്ന് ഉച്ചക്ക് ഗതാഗതം തടഞ്ഞ് ഒറ്റയടിക്ക് മുഴുവനായി കുഴിച്ച് ജനത്തിനെ വലച്ചപ്പോൾ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു പോൾ ഉൾപ്പെടെയുള്ളവരും അനേകം വാഹനങ്ങളുംവഴിയിൽ കുടുങ്ങി. ജനങ്ങൾ ബാബുപോളിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. കുഴിച്ച് റോഡ് പൂർണമായി അവരെ കൊണ്ട് തന്നെ ജനങ്ങൾ മൂട്ടിച്ച് യാത്ര തുടർന്നു. പഞ്ചായത്തിൽ നിന്നും അനുമതി വാങ്ങിയിട്ടുണ്ട് എന്നാണ് ഈസ്റ്റൺ കമ്പനിയുടെ ആൾക്കാർ അറിയിച്ചത്. ഇതിനെക്കുറിച്ച് നാട്ടുകാർക്കോ സ്ഥിരം യാത്രക്കാർക്കോ യാതൊരു അറിയിപ്പും ലഭിച്ചിരുന്നില്ല.സാധാരണ ഇങ്ങനെ ഗതാഗതം തടസ്സപ്പെടുത്തേണ്ടി വന്നാൽ പഞ്ചായത്ത് സെക്രട്ടറി മുൻകൂർ പത്രത്തിലൂടെഗതാഗതം തിരിച്ചുവിടുന്നതായി അറിയിക്കുകയും ബോർഡ് സ്ഥാപിക്കുകയും ചെയ്യും. പഞ്ചായത്തിൽ നിന്നുള്ള അനുമതിപത്രം കാണിക്കുവാൻ ആവശ്യപ്പെട്ടപ്പോൾ കമ്പനി അധികാരികൾ തയ്യാറായില്ല. അതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
കുഴിച്ച കുഴി ഉടൻ നികത്തി യാത്രാസൗകര്യം ഒരുക്കണമെന്ന് ശക്തമായ നിലപാട് ജനങ്ങൾ എടുക്കുകയും കമ്പനി അതിനു വഴങ്ങുകയും കുഴി മൂടുകയും ചെയ്തു. സാധാരണ രീതിയിൽ ഇങ്ങനെ വന്നാൽ റോഡിന്റെ പകുതിഭാഗം കുഴിക്കുകയും അവിടം പണി പൂർത്തീകരിച്ചതിനു ശേഷം മണ്ണിട്ടു മൂടി അടുത്ത പകുതിഭാഗം കുഴിക്കുകയും ആണ് പതിവ്. എന്നാൽ പഞ്ചായത്ത് സെക്രട്ടറിയുടെ ഒത്താശ പ്രകാരം റോഡ് നെടുനീളെ കുഴിക്കുകയാണ് ഉണ്ടായത് എന്ന് നാട്ടുകാർ പറയുന്നു. ഇപ്പോൾ സ്ഥാപിക്കാൻ പോകുന്നരണ്ടു പൈപ്പുകൾ ഉള്ളതിൽ ഒന്നു മാലിന്യ പൈപ്പ് ആണോ എന്ന് സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു.
ഇങ്ങനെ ഉത്തരവ് കൊടുത്തിട്ടുണ്ടെങ്കിൽപഞ്ചായത്ത് അറിഞ്ഞാണോ, പ്രസിഡന്റ്, വാർഡ് മെമ്പർ അറിഞ്ഞാണോ എന്നു വ്യക്തമാക്കണ സെക്രട്ടറി അറിഞ്ഞാണെങ്കിൽ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ നടപടി വേണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.
വിവരാവകാശ രേഖപ്രകാരം വിവരങ്ങൾ ശേഖരിച്ചു നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ബാബു പോൾ പറഞ്ഞു.