നെല്ലിമറ്റം: മരണഭയത്താൽ കാറ്റും മഴയും വന്നാൽ മൂന്ന് പിഞ്ച് കുഞ്ഞുങ്ങളെയും കൂട്ടി പുറത്തേക്കോടേണ്ട ഗതികേടിൽ ഇടിഞ്ഞു വീഴാറായ ചോർന്നൊലിക്കുന്ന വീട്ടിൽ ഭയത്തോടെ കഴിയുകയാണ് കവളങ്ങാട് പഞ്ചായത്തിലെ പതിനാറാം വാർഡിൽ കുരിശിങ്കൽ വീട്ടിൽ എൽസമ്മ ബാബുവും കുടുംബവും. വല്ലപ്പോഴും ലഭിക്കുന്ന തയ്യൽ ജോലി വീട്ടിലിരുന്ന് ചെയ്ത് കിട്ടുന്ന തുശ്ചമായ വരുമാനമാണ് അഞ്ചംഗ കുടുംബ ചിലവിന് ഏകമാർഗ്ഗം. തയ്യൽ ജോലി ചെയ്യുന്ന മെഷ്യൻ പോലും മഴയത്ത് ചോർന്നൊലിച്ച് കേടാവാറായി. റബ്ബർ ടാപ്പിംഗ് തൊഴിൽ ചെയ്ത് ജീവിച്ചിരുന്ന ഭർത്താവ് ബാബുവിന് നാളുകൾക്ക് മുൻപ് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് വലിയ ജോലിയൊന്നും ചെയ്യാൻ പറ്റാത്ത ദയനീയ സ്ഥിതിയാണുള്ളത്.
ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും അപേക്ഷ നൽകിയെങ്കിലും ആരും തിരിഞ്ഞ് നോക്കുകയോ സഹായം നൽകുകയോ ചെയ്യ്തില്ലെന്നാണ് പറയുന്നത്. ആകെയുള്ള അഞ്ച് സ്ഥലത്താണ് താമസം. മഴക്കാലം തുടങ്ങി. വീട് ഏത് നിമിഷവും നിലംപൊത്തും. ഇനി എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് കുടുംബം. കഴിഞ്ഞ ദിവസം കാറ്റിലും മഴയത്ത് എൽസമ്മയും മക്കളും റോഡിലിറങ്ങി നിൽക്കുന്ന ദയനീയ സ്ഥിതി കണ്ട ആ പ്രദേശത്തുകൂടി കടന്നു പോയ ഒരു വ്യക്തി തന്റെ വീട്ടിലെ പടത വീടിന്റെ മേൽക്കൂരയിൽ വലിച്ച് കെട്ടി തൽക്കാലം കുറച്ച് ഭാഗം മഴ നനയാത്ത ഭാഗമാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ നല്ലൊരു കാറ്റ് വന്നാൽ ഷീറ്റ് പറന്ന് പോയേക്കാം. എത്രയും പെട്ടെന്ന് നിർദ്ദന കുടുംബത്തിന്റെ വീട് തകർന്ന് ആളപായം സംഭവിക്കുന്നതിനു മുൻപ് വാസയോഗ്യമായ വീട് നിർമ്മിച്ച് നൽകാൻ അതികാരികൾ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.