പോത്താനിക്കാട് : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുവാറ്റുപുഴ ആവോലി
തലപ്പിള്ളി വീട്ടിൽ അമൽരാജ് (31) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്താലാണ് നടപടി. മൂവാറ്റുപുഴ, കല്ലൂർക്കാട്, പോത്താനിക്കാട് പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം,
അതിക്രമിച്ച് കടക്കൽ, പട്ടികജാതി പട്ടിക വർഗ്ഗക്കാർക്കെതിരെയുള്ള അതിക്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ പോത്താനിക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അടിപിടി കേസിലും, മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക ശ്രമകേസിലും പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്. എസ്.ഐ മാഹിൻ സലിം, എസ്.സി.പി.ഒമാരായ രതീശൻ ,ഷെഹിൻ മുഹമ്മദ്, അജിംസ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 80 പേരെ കാപ്പ ചുമത്തി ജയിലിൽഅടച്ചു . 56 പേരെ നാട് കടത്തി.
