പെരുമ്പാവൂർ : കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ. പോഞ്ഞാശ്ശേരി വെങ്ങോല കിഴക്കൻ വീട്ടിൽ റിൻഷാദ് (29), പോഞ്ഞാശ്ശേരി ഹൈക്കൗണ്ട് കമ്പനിയ്ക്ക് സമീപം കല്ലോത്രവീട്ടിൽ ജിൻഷാദ് (22), വെങ്ങോല അൽ അസർ സ്കൂളിന് സമീപം കൊപ്പറമ്പിൽ വീട്ടിൽ അൻഷാദ് (22), വെങ്ങോല അറക്കൽ വീട്ടിൽ സുനീർ (27) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന്‍റെ നൈറ്റ് പട്രോളിംഗിനിടെയാണ് ഇവർ പിടിയിലായത്. രാത്രി വെങ്ങോല പുളിയാമ്പിള്ളി ഭാഗത്ത് സംശയാസ്പദമായ രീതിയിൽ കാറും, സ്കൂട്ടറും നിർത്തിയിട്ടിരിക്കുന്നതായി കണ്ട് പോലിസ് സംഘം പരിശോധന നടത്തിയപ്പോഴാണ് 145 ഗ്രാം കഞ്ചാവ് ഇവരിൽ നിന്നും കണ്ടെത്തിയത്. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ് എം തോമസ്. ജോസി എം ജോൺസൻ, എ.എസ്.ഐ എൻ.കെ.ബിജു, എസ്.സി.പി.ഒ ജമാൽ, സി.പി.ഒ ജിഞ്ചു കെ മത്തായി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
