കോതമംഗലം :കെ – ഫോൺ പദ്ധതിയുടെ കോതമംഗലം മണ്ഡല തല ഉദ്ഘാടനം ജൂൺ 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. ജൂൺ 5 ന് 3 മണിക്ക് മാതിരപ്പള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ചാണ് മണ്ഡല തല ഉദ്ഘാടനം .
ഇന്റർനെറ്റ് ഒരു അവകാശമായി പ്രഖ്യാപിച്ച് കൊണ്ട് സാർവ്വത്രിക ഇന്റർനെറ്റ് ലഭ്യത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് (കെ-ഫോൺ ) . നാട്ടിൻപുറങ്ങളിൽ കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ് കുറഞ്ഞ ചെലവിൽ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 100 ബി പി എൽ കു ടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ് കണക്ഷൻ ഈ മാസം തന്നെ ലഭ്യമാക്കും. നിലവിൽ കോതമംഗലത്തെ വിവിധ സ്ഥാപനങ്ങളിലും, ഓഫീസുകളിലും സ്കൂളുകളിലുമായി 150 ഓളം കേന്ദ്രങ്ങളിൽ കെ. ഫോൺ സേവനം ലഭ്യമാകുന്നുണ്ട്. തുടർച്ചയിൽ കൂടുതൽ ബി പി എൽ കുടുംബങ്ങൾക്ക് സൗജന്യമായും , മറ്റുള്ളവർക്ക് കുറഞ്ഞ ചെലവിലും ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുമെന്നും എം എൽ എ പറഞ്ഞു.