കൊച്ചി : ജുവൽ മറിയം ബേസിൽ എന്ന രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി റെക്കോർഡ് നേട്ടം കൈവരിച്ച് ശനിയാഴ്ച രാവിലെ നീന്തി കയറിയത് ചരിത്രത്തിലേക്ക് കൂടിയാണ്. കേരളത്തിലെ ഏറ്റവും വീതി കൂടിയ കായലായ വേമ്പനാട്ടു കായലിൽ (ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം കോലോത്തുങ്കടവ് മാർക്കറ്റ് വരെ ഉള്ള ഏകദേശം 4 കിലോമീറ്റർ ദൂരം ) ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി നീന്തി കടക്കുക എന്ന ഗിന്നസ് വേൾഡ് റെക്കോർസിൽ ഇടം നെടുവാൻ ആണ് ഏഴ് വയസുകാരി ജുവൽ മറിയം ബേസിൽ വേമ്പനാട്ട് കായലിന്റെ ഓളപ്പരപ്പുകൾ വകഞ്ഞു മാറ്റി ലക്ഷ്യസ്ഥാനം കൈവരിച്ചത്.7 വയസ് മാത്രം പ്രായമുള്ള ജുവൽ നാലു കിലോമീറ്ററോളം ദൂരം ആഴമേറിയ കായലിൽ 2 മണിക്കൂർ നീന്തിയാണ് ചരിത്രത്തിൽ ഇടം നേടിയത്.
രാവിലെ 8 മണിക്ക് അരൂർ എം എൽ എ ദലീമ ജോജോ ജുവലിന് ആശംസകൾ നേർന്ന് ഉത്‌ഘാടനം നിർവഹിച്ചു. 8 മണിക്ക് നീന്തി തുടങ്ങിയ ജുവൽ 10 മണിയോടെ തന്റെ ലക്ഷ്യം പൂർത്തീകരിച്ചു.കോതമംഗലം മുൻസിപ്പൽ വൈസ് ചെയര്പേഴ്സൻ സിന്ധു ഗണേഷ്, മുൻസിപ്പൽ കൗൺസിലർ ബബിത മത്തായി, കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് (എം ) സംസ്ഥാന പ്രസിഡന്റും, യുവജന ക്ഷെമ ബോർഡ് അംഗവുമായ അഡ്വ. റോണി മാത്യു, നിഷ ജോസ് കെ മണി, കോൺഗ്രസ് നേതാവ് എൽദോസ് കീച്ചേരി ജുവാലിന്റെ മാതാപിതാക്കൾ എന്നിവർ നീന്തലിനു സാക്ഷിയാകാൻ ഉണ്ടായിരുന്നു.വേമ്പനാട്ടുകായലിൽ ചരിത്രം സൃഷ്ട്ടിച്ച ഈ മിടുക്കിക്കുട്ടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനിറിങ് ഉദ്യോഗസ്ഥനായ കറുകടം കൊടക്കപ്പറമ്പിൽ ബേസിൽ കെ. വർഗീസിന്റേയും, മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ അദ്ധ്യാപിക അഞ്ജലിയുടേയും രണ്ടാമത്തെ മകൾ ആണ്. കറുകടം വിദ്യാ വികാസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ജുവൽ . പ്രഗത്ഭ നീന്തൽ പരിശീലകനായ ബിജു തങ്കപ്പനാണ് ജൂവലിന്റെ പരിശീലകൻ .
തങ്ങളുടെ മകൾ ജുവൽ മറിയം ബേസിൽ ദൈവാനുഗ്രഹത്താൽ ശനിയാഴ്ച വേമ്പനാട്ട് കായൽ നീന്തി കീഴടക്കിയ സന്തോഷം അറിയിക്കുന്നതായും, ഈ അവസരത്തിൽ ജുവലിനു വേണ്ട രീതിയിൽ പരിശീലനം നൽകിയ പരീശീലകൻ ബിജു തങ്കപ്പനും, എം. എ കോളേജ് നീന്തൽ കുളത്തിൽ പരീശിലിക്കാൻ അവസരം ഒരുക്കിയ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസിനും , മകളെ പ്രോത്സാഹിപ്പിച്ച്, പ്രാർത്ഥനയോടെ കൂടെ നിന്ന ബന്ധു -മിത്രങ്ങൾ, ജനപ്രതിനിധികൾ, മെഡിക്കൽ ടീമുകൾ, ദൃശ്യ -പത്ര മാധ്യമങ്ങൾ ഉൾപ്പെടെയുള്ള എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അർപ്പിക്കുകയാണ് കൊച്ചു ജുവലിന്റെ മാതാപിതാക്കൾ.