കോതമംഗലം :നടത്ത മത്സരത്തിൽ ഒട്ടനവധി മെഡലുകൾ കരസ്ഥമാക്കി കെഎസ്ആർടിസി കോതമംഗലം ഡിപ്പോയിലെ ഡ്രൈവറായ പി സി ജയ്സൺ. നടത്തമത്സരം ഒരു ദീർഘ ദൂര ട്രാക്ക് ആൻഡ് ഫീൽഡ് മത്സരമാണ്. നിശ്ചിത ദൂരം കൂടുതൽ വേഗം നടന്നെത്തുന്നയാൾ മത്സരത്തിൽ വിജയിക്കുന്നു. അങ്ങനെ നടന്ന മത്സരത്തിൽ ഒട്ടനവധി മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട് പി.സി ജയ്സൺ.കഴിഞ്ഞ ഞായറാഴ്ച റോട്ടറി ക്ലബ്ബിൻറെ സഹകരണത്തോടെ പയ്യന്നൂരിൽ വച്ച് നടന്ന 3000 മീറ്റർ മാസ്റ്റേഴ്സ് ഓപ്പൺ അത്‌ലറ്റിക്സ് മീറ്റ് നടത്ത മത്സരത്തിൽ സ്വർണ്ണ മെഡലാണ് ജയ്സൺ കരസ്ഥമാക്കിയത് .ഇതിനുപുറമെ കഴിഞ്ഞ ഡിസംബറിൽ തലശ്ശേരിയിൽ നടന്ന സംസ്ഥാനമീറ്റിൽ 5000മീറ്റർ നടത്ത മത്സരത്തിൽ രണ്ടാം സമ്മാനവും, ഈ കഴിഞ്ഞ ജനുവരി പതിനാലാം തീയതി എറണാകുളത്ത് വച്ച് നടന്ന 10 കിലോമീറ്റർ മാരത്തോണിലുംമെഡലുകൾ കരസ്ഥമാക്കി ഈ കായിക താരം.
ഫെബ്രുവരി13 മുതൽ 17 വരെ പൂനെയിൽ വച്ച് നടക്കുന്ന 44-ാംമത് നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് കെഎസ്ആർടിസിജീവനക്കാരനായ പി.സി ജയ്സൺ. തൻറെ ജോലി സമയം കഴിഞ്ഞ് പ്രാക്ടീസിനുള്ള സമയം കണ്ടെത്തിയാണ് ജയ്സൺ നടത്ത മത്സരങ്ങളിൽപങ്കെടുക്കുന്നതിന് വേണ്ടി തയ്യാറെടുക്കുന്നത്.
