കോതമംഗലം : ഗ്രാമീണ ഭവനങ്ങളിൽ പൈപ്പിലൂടെ ശുദ്ധജലമെത്തിക്കുന്ന “ജല ജീവൻ” പദ്ധതിയുടെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ കീരംപാറ പഞ്ചായത്തിൽ കാളകടവ് കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടമായി 15.2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.പദ്ധതിയുടെ ഭാമായി കീരംപാറ പഞ്ചായത്തിൽ പുതുതായി 2500 ഓളം കണക്ഷനുകൾ നല്കും.611 മുടിയിൽ 2.3 ലക്ഷം കപ്പാസിറ്റിയിലും,പുന്നേക്കാട് 6 ലക്ഷം ലിറ്റർ കപ്പാസിറ്റിയിലും പുതിയ ടാങ്കുകൾ നിർമ്മിക്കും.ഈ രണ്ട് ടാങ്കുകളിൽ നിന്നുള്ള വിതരണ ശൃഖലക്കായി 75 കി മി നീളത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കും.
65 mm മുതൽ 200 mm വരെ വ്യാസമുള്ള GI,DI,PVC പൈപ്പുകളാണ് സ്ഥാപിക്കുന്നത്.കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതോടൊപ്പം ആവശ്യമായ സ്ഥലങ്ങളിലെല്ലാം പുതിയ പൈപ്പ് ലൈനുകളും സ്ഥാപിച്ചുമാണ് പദ്ധതി നടപ്പിലാക്കുന്നത്.പ്രവർത്തികൾ ഉടൻ ആരംഭിക്കും.പദ്ധതി പൂർത്തിയാകുന്നതോടെ കീരംപാറ പഞ്ചായത്തിൽ 100 % കുടിവെള്ള കണക്ഷനുകൾ ലഭ്യമാകും.തുടർച്ചയിൽ പാലമറ്റത്ത് 3.5 MLD ശുദ്ധീകരണ ശാല സ്ഥാപിക്കുന്നതിനു വേണ്ട ടെണ്ടർ നടപടികൾ ആരംഭിച്ചതായും എം എൽ എ പറഞ്ഞു.