കോതമംഗലം : ഗ്രാമീണ ഭവനങ്ങളിൽ പൈപ്പിലൂടെ ശുദ്ധജലമെത്തിക്കുന്ന “ജല ജീവൻ” പദ്ധതിയുടെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ ആദ്യഘട്ടമായി 880 കണക്ഷൻ ഉടൻ ലഭ്യമാക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. “ജലജീവൻ” പദ്ധതിയുടെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ 13000 ത്തോളം കണക്ഷനുകളാണ് ലഭ്യമാക്കുന്നത്.നിലവിലുള്ള പൈപ്പ് ലൈനുകൾ വഴിയും കേടുപാടുകൾ സംഭവിച്ച പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിച്ചും,പൈപ്പ് ലൈനുകൾ നീട്ടിയും ആണ് വീടുകളിൽ കുടിവെള്ളം എത്തിക്കുന്നത്. മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലായിട്ടാണ് 13000 ത്തോളം കണക്ഷനുകൾ നൽകുന്നത്.
കവളങ്ങാട് പഞ്ചായത്ത് – 800,കീരംപാറ പഞ്ചായത്ത് – 300, കോട്ടപ്പടി പഞ്ചായത്ത് – 700,കുട്ടമ്പുഴ പഞ്ചായത്ത് – 1800,നെല്ലിക്കുഴി പഞ്ചായത്ത് – 2300,പല്ലാരിമംഗലം പഞ്ചായത്ത് 900,പിണ്ടിമന പഞ്ചായത്ത് – 2897,വാരപ്പെട്ടി പഞ്ചായത്ത് – 3292 എന്നിങ്ങനെയാണ് 13000 ത്തോളം കണക്ഷനുകൾ നൽകുന്നത്.പദ്ധതി വേഗത്തിൽ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ആദ്യ ഘട്ടമായി കീരംപാറ പഞ്ചായത്തിൽ 300 കണക്ഷനുകളും,കവളങ്ങാട്,പല്ലാരിമംഗലം പഞ്ചായത്തുകളിൽ 40 കണക്ഷൻ വീതവും,മറ്റ് പഞ്ചായത്തുകളിൽ 100 കണക്ഷൻ വീതവും ഉൾപ്പെടെ 880 കണക്ഷനുകളാണ് അടിയന്തിരമായി നൽകുന്നത്.ഇതുമായി ബന്ധപ്പെട്ട് മുഴുവൻ പഞ്ചായത്തുകളിലെയും ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും,വാട്ടർ കണക്ഷൻ വേഗത്തിൽ ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമെന്നും എം എൽ എ പറഞ്ഞു.
അതോടൊപ്പം ”ജല ജീവൻ മിഷൻ” പദ്ധതിയുടെ ഭാഗമായി കീരംപാറ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി 25.19 കോടി രൂപ മുടക്കി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന “കീരംപാറ കുടിവെള്ള പദ്ധതി”യുടെ ടെൻഡർ നടപടികൾ ആരംഭിക്കുന്നതിനു വേണ്ട നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.”ജല ജീവൻ” പദ്ധതിയുമായി ബന്ധപ്പെട്ട് മറ്റ് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട നവീകരണ പ്രവർത്തനങ്ങളും, പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതടക്കമുള്ള പ്രവർത്തികൾക്കായി 80 കോടി രൂപയുടെ പദ്ധതിയാണ് മണ്ഡലത്തിൽ നടപ്പിലാക്കുന്നതെന്നും എം എൽ എ കൂട്ടിച്ചേർത്തു.