കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എംഎല്‍എ ഫണ്ടും,കിഫ്ബി ഫണ്ടും ഉള്‍പ്പെടെ 15 കോടി രൂപ ചിലവഴിച്ച് പൂര്‍ത്തീകരിച്ച വിവിധ പദ്ധതികള്‍ മാര്‍ച്ച് 2ന് വ്യവസായ, നിയമവകുപ്പ് മന്ത്രി പി രാജീവ് നാടിന് സമര്‍പ്പിക്കുമെന്ന് ആന്റണി ജോണ്‍ എംഎല്‍എ അറിയിച്ചു. പുതിയ ഡയാലിസിസ് സെന്റര്‍ – അത്യാഹിത വിഭാഗം ആന്റ് പാലിയേറ്റീവ് കെയര്‍ വാര്‍ഡ് എന്നിവയ്ക്കായി 3.50 കോടി എംഎല്‍എ ഫണ്ടും, ആശുപത്രിയ്ക്ക് പുതിയതായി കണ്ണ് ഓപ്പറേഷന് തീയ്യറ്ററും, നവജാത ശിശുക്കള്‍ക്കും അമ്മമാര്‍ക്കും വേണ്ടിയുള്ള പോസ്റ്റ് നേറ്റല്‍ വാര്‍ഡ് നിര്‍മ്മാണം, നിലവില്‍ ഉണ്ടായിരുന്ന ഓപ്പറേഷന് തീയ്യറ്ററിന്റെയും ലേബര്‍ റൂമിന്റെയും നവീകരണം, 25 കിലോവാട്ട് കപ്പാസിറ്റിയുള്ള സോളാര്‍ പ്ലാന്റിന്റെ നിര്‍മ്മാണം,ഓക്സിജന്‍,മെഡിക്കല്‍ എയര്‍, നൈട്രസ് ഓക്സൈഡ്,
വാക്യം എന്നിവ പോലുള്ള വാതകങ്ങളുടെ തടസ്സമില്ലാത്ത ലഭ്യമാക്കുന്നതിനാവശ്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ആശുപത്രിയിക്ക് പുതിയതായി ഡീസല്‍ ജനറേറ്ററോടുകൂടിയ പവ്വര്‍ സ്റ്റേഷന്റെ നിര്‍മ്മാണം,ആശുപത്രിയ്ക്ക് ചുറ്റുമതില്‍ നിര്‍മ്മാണവും,ആശുപത്രി കെട്ടിടങ്ങളുടെ പെയിന്റിംഗ്, അഗ്നിസുരക്ഷാ ഉപകരണങ്ങളും, ആശുപത്രിയും പരിസര പ്രദേശങ്ങളുമാകെ സിസിടിവി സ്ഥാപിക്കല്‍, പബ്ലിക് അഡ്രസ് സിസ്റ്റം സ്ഥാപിക്കല്‍ എന്നീ വിവിധ പ്രവര്‍ത്തികള്‍ക്കായി കിഫ്ബി ഫണ്ട് 11.50 കോടി രൂപയും അനുവദിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.
നിലവില്‍ ഡയാലിസിസ് സൗകര്യം സര്‍ക്കാര്‍ മേഖലയില്‍ കോതമംഗലത്ത് ഇല്ലാത്തതുമൂലം കാലങ്ങളായി ജനങ്ങള്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതിന് ശാശ്വത പരിഹാരമായിട്ടാണ് ഇപ്പോള്‍ ഡയാലിസിസ് സെന്റര്‍ കോതമംഗലത്ത് യാഥാര്‍ഥ്യമാകുന്നത്. കോതമംഗലം താലൂക്ക് ആശുപത്രിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനമാണ് ഇപ്പോള്‍ സാധ്യമായിട്ടുള്ളത്. പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം തിങ്കളാഴ്ച 2.30ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിക്കും.






















































