കോതമംഗലം: ഇടമലയാർ വനത്തിൽ കുടിൽ കെട്ടാൻ ശ്രമിച്ച അറാക്കപ്പ് ആദിവാസി കോളനിക്കാരുടെ പുനരധിവാസം അനിശ്ചിതത്തിൽ. സുരക്ഷിത താമസ സൗകര്യം ലഭിക്കുന്നതു വരെ ഇടമലയാറിൽ നിന്ന് ഒഴിയില്ലെന്ന് കോളനിക്കാർ. ഉൾവനമേഖലയിൽ സ്ഥിതിചെയ്യുന്ന തൃശൂർ ജില്ലയുടെ ഭാഗമായ അറാക്കപ്പ് ആദിവാസി കോളനിയിലെ താമസക്കാരായിരുന്ന 11 കുടംബങ്ങളാണ് കഴിഞ്ഞ ദിവസം ഇടമലയാറിൽ വൈശാലി ഗുഹക്ക് സമീപം താളുംകണ്ടം പാതയോരത്ത് വനഭൂമിയിൽ കുടിൽകെട്ടി താമസിക്കാൻ ശ്രമിച്ചത്.
അന്ന് തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുടിൽ കെട്ടുന്നത് തടയുകയും താമസക്കാരോട് ഇവിടെ നിന്ന് മാറാൻ ആവശ്യപ്പെടുകയും അനുനയിപ്പിച്ച് ഇടമലയാർ ട്രൈബൽ സ്കൂൾ ഹോസ്റ്റലിലേക്ക് ഇവരെ എത്തിക്കുകയുമായിരുന്നു. പൂട്ടിയിട്ടിരിക്കുന്ന ഹോസ്റ്റലിൻ്റെ ഷെഡ്ഡിലും പരിസരത്തുമായി കുട്ടികളടക്കമുള്ള 40 – ഓളം പേർ തമ്പടിച്ചിരിക്കുകയാണ്.
അടച്ചുറപ്പുള്ള വീടോ, വഴിയോ ഒന്നുമില്ലാതെ ഉരുൾപൊട്ടൽ ഭീഷണിയിൽ അറാക്കപ്പ് ആദിവാസി കോളനിയിൽ വർഷങ്ങളായി ദുരിതജീവിതം നയിച്ചിരുന്ന 11 കുടുംബങ്ങളാണ് സുരക്ഷിത താമസ സൗകര്യം ആവശ്യപ്പെട്ടു ഇടമലയാറിൽ എത്തിയിരിക്കുന്നത്. എന്തു വന്നാലും ഇനി തിരികെ സ്വദേശമായ അറാക്കപ്പിലേക്ക് മടങ്ങില്ലെന്ന് രവി ചെല്ലപ്പൻ പറഞ്ഞു.