കോതമംഗലം: അന്തർ സംസ്ഥാന ബന്ധങ്ങളുള്ള തുണ്ടം – ഇടമലയാർ ആന വേട്ട കേസിലെ പ്രതി
കുഞ്ഞുമോനെ മാപ്പുസാക്ഷിയാക്കി കോടതി അംഗീകരിച്ചു. കോതമംഗലം കോടതിയിൽ നിന്നും കേസ് എറണാകുളം സിജെഎം കോടതിയിലേക്ക് മാറ്റി. കേസിൽ പ്രതിയായ കുഞ്ഞുമോനെ മാപ്പുസാക്ഷിയാക്കുന്നതിന് വനം വകുപ്പും അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്. തുണ്ടം റെയ്ഞ്ച് ഓഫീസർ കെ.എം മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലാണ് അവസാനഘട്ടത്തിൽ കേസ് അന്വേഷണം നടന്നത്. 53 പ്രതികളും വനം വകുപ്പിന്റെ ഉദ്യോഗസ്ഥരടക്കം 60 സാക്ഷികളുമുള്ള ആനവേട്ട കേസിലാണ് കുഞ്ഞുമോനെ മാപ്പുസാക്ഷിക്കിയത്. വനം വകുപ്പ് മുൻ വാച്ചറായ കുഞ്ഞുമോൻ ആന വേട്ടക്കാരൊടൊപ്പം സഹായിയായി പോയിരുന്നു. ആനവേട്ടക്കാരിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് കാട്ടാനകളെ വെടിവെച്ച് കൊന്ന് കൊമ്പ് ശേഖരിച്ച് ശിൽപ്പ നിർമ്മാണവും സംബന്ധിച്ച വിവരം പുറത്തറിയുന്നത്.
ആനക്കൊമ്പ് വേട്ട മുതൽ ശിൽപ്പ നിർമ്മാണവും വിൽപ്പനയും വരെയുള്ള കണ്ണിയിൽ ഉന്നതർ വരെയുണ്ടെന്നാണ് അറിയുന്നത്. കേസ് ശരിയായ രീതിക്കു തെളിഞ്ഞാൽ സംസ്ഥാനത്തും ദൽഹിയിലുമുള്ള ഉന്നതർ വരെ പ്രതികളായേക്കും. ഇതിനിടെ കേസിലെ ഒരു പ്രതിയായ കുട്ടമ്പുഴ ഐക്കര മറ്റം വാസു ആത്മഹത്യ ചെയ്തിരുന്നു. ദൽഹി സ്വദേശി ഉമേഷ് അഗർവാൾ, കുട്ടംമ്പുഴ പുത്തൻപുരയ്ക്കൽ എൽദോസ് ,നേര്യമംഗലം പറമ്പിൽ തങ്കച്ചൻ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. മലയാറ്റൂർ ഡിവിഷനിലെ തുണ്ടം, ഇടമലയാർ, കുട്ടംമ്പുഴ റേഞ്ചിലെ വനത്തിലും ആതിരപ്പിള്ളി ഡിവിഷനിലെ ഷോളയാർ റേഞ്ചിലെ വനത്തിലുമുള്ള കാട്ടാനകളെ കൊന്ന് കൊമ്പെടുത്ത് ശിൽപ്പ വ്യാപാരി സംഘത്തിന് കൈമാറിയവ സംഘത്തിൽപ്പെട്ടവരാണ് പ്രതികളിലേറെയും. ആനക്കൊമ്പ്ശിൽപ്പ നിർമ്മാണ മാഫിയ സംഘം കേരളം, തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും വേരുകളുള്ളവരും ഉന്നത ബന്ധങ്ങളുള്ളവരുമാണെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ.