കോതമംഗലം: നിരന്തരം ഉയരുന്ന ഇന്ധന വില ജനങ്ങളെ അടിച്ചേൽപ്പിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന നികുതി സർക്കാർ ഉപേക്ഷിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. മാസങ്ങളായി ഇന്ധനവിലയിൽ ഉണ്ടായ വർദ്ധന വിവിധ മേഖലകളിലെ സാധാരണ ജനങ്ങളെ ബാധിച്ചിരിക്കുകയാണ്. ഇന്ധന വില വർദ്ധിക്കുന്നത് മൂലം നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ ഗണ്യമായ വർദ്ധനയാണ് ഉണ്ടാകുന്നത്. ഈ വിലക്കയറ്റം നിയന്ത്രിക്കാനും, സംസ്ഥാനങ്ങൾക്കുള്ള ഇന്ധന നികുതി ഒഴിവാക്കാനും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാർ തയ്യാറായിട്ടും കേരളത്തിൽ ഈ നികുതി ഒഴിവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും, ധനമന്ത്രി ബാലഗോപാലും തയ്യാറാകുന്നില്ല. ഇത് ബഹുജനങ്ങളോട് കാണിക്കുന്ന നീതി നിഷേധമാണ്.
കെ.പി.സി.സി ആഹ്വാന പ്രകാരം കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നേര്യമംഗലം വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ജനശ്രദ്ധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡൻ്റ് എബി എബ്രാഹം അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ സൗമ്യ ശശി, പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ്റ് ചാക്കോ, പി.സി.ജോർജ്, പി.എസ് നജീബ്, ബാബു ഏലിയാസ്, ജെയ്മോൻ ജോസ്, കെ.സി മാത്യൂസ്, കെ.എ. സിബി, അലിയാർ മംഗലത്ത്, ഹാൻസി പോൾ, ബെന്നി പോൾ, ജോബി ജേക്കബ്, ലിനോ തോമസ്, പി.ആർ രവി, ഷെജിന ജിയാസ്, മേഘ ഷിബു,ബേസിൽ നേര്യമംഗലം, ഗോപി നാടുകാണി എന്നിവർ പ്രസംഗിച്ചു.