പെരുമ്പാവൂർ : അശമന്നൂർ പഞ്ചായത്തിൽ ഇനി മുതൽ ആംബുലൻസ്, മൊബൈൽ ഫ്രീസർ, ക്രിമിറ്റോറിയം സേവനങ്ങൾ സൗജന്യമായി ലഭിക്കും. അശമന്നൂർ പഞ്ചായത്തിലേക്ക് സൗജന്യ സേവനത്തിനായി എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസിന്റെയും പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ക്രിമിറ്റോറിയത്തിന്റേയും മൊബൈൽ ഫ്രീസറിന്റേയും ഉദ്ഘാടനം അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ആരംഭിച്ച ഈ പദ്ധതി എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ കഴിഞ്ഞ വർഷത്തെ പ്രത്യേക വികസന ഫണ്ടും പഞ്ചായത്ത് ഫണ്ടും കൂടി യോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. എം.എൽ.എ ഫണ്ടിൽ നിന്നാണ് ആംബുലൻസ് അനുവദിച്ചത്. പദ്ധതിയുടെ തുടർ ചെലവുകൾ അശമന്നൂർ ഗ്രാമപഞ്ചായത്ത് വഹിക്കും.
സൗജന്യ ആംബുലൻസ്, മൊബൈൽ ഫ്രീസർ, ക്രിമിറ്റോറിയം സൗജന്യ സേവനങ്ങൾ നടപ്പാക്കുന്ന കേരളത്തിലെ ആദ്യത്തെ പഞ്ചായത്തുകളിൽ ഒന്നായി അശമന്നൂർ പഞ്ചായത്ത് മാറുകയാണ്. അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം സലിം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ കെ.പി വർഗീസ്, പ്രീത സുകു, സ്ഥിരം സമിതി അധ്യക്ഷരായ ഹണിത്ത് ബേബി, അഡ്വ. ചിത്ര ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെംബർമാരായ അമ്പിളി രാജൻ, എൻ.കെ ശിവൻ, ബിന്ദു ബെസ്സി, പഞ്ചായത്ത് സെക്രട്ടറി കെ. ഉദയ, മെഡിക്കൽ ഓഫീസർ ഡോ. ബിജു വർഗീസ്, ഹോമിയോ ഓഫിസർ ഡോ. ജീവൻ എന്നിവർ സംസാരിച്ചു.