ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും, ചെറിയ തണുപ്പും,ചുറ്റും പച്ചപുതച്ച മലനിരകളും താഴ്‌വാരങ്ങളും. യാത്രയാകട്ടെ നോക്കെത്താ ദുരത്തോളം നീണ്ടുകിടക്കുന്ന തേയിലാക്കാട്ടിലെ വളഞ്ഞും പളഞ്ഞുമുള്ള പാതയിലൂടെയും. കൂട്ടിന് തുള്ളിക്കളിച്ച് ഒപ്പം കൂടുന്ന വരയാടുകളും. സുന്ദര ദൃശ്യങ്ങളാൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിന് സമീപത്തെ രാജമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്ന കാഴ്ചകളുടെയും വിശേഷങ്ങളുടെയും ഏകദേശ രൂപം ഇങ്ങിനെയാണ്. ഇരവികുളം നാഷണൽ പാർക്കിന്റെ ഭാഗമായ മൂന്നാറിലെ രാജമല വിനോദസഞ്ചാരികളുടെ പറുദീസയായി മാറിക്കഴിഞ്ഞു.
വരയാടുകളെ കാണുന്നതിനും പ്രകൃതിസൗന്ദര്യം ആസ്വദിയ്ക്കുന്നതിനുമായി വിദേശ രാജ്യങ്ങളിൽ നിന്നിടക്കം ഇവിടേയ്ക്കുള്ള വിനോദസഞ്ചാരികളുടെ പ്രവാഹം കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചിട്ടുണ്ട് . വരയാടുകൾ എന്നറിയപ്പെടുന്ന നീലഗിരി താറിന്റെ പ്രത്യേക സംരക്ഷണ മേഖലയായ ഇരവികുളം ദേശീയോദ്യാനത്തിൽ സഞ്ചാരികൾക്ക് പ്രവേശനമുള്ള മേഖലയാണ് രാജമല. മൂന്നാർ-മറയൂർ റോഡിൽ, മൂന്നാറിൽ നിന്നും 10 കിലോമീറ്റർ അകലെ ,തേയിലത്തോട്ടങ്ങൾക്കും സ്വാഭാവികമായ ഷോലവനങ്ങൾക്കും മദ്ധ്യേയാണ് രാജമല. വരയാടുകളെ കാണുന്നതിന് വേണ്ടിയാണ് സഞ്ചാരികൾ മലകയറി ഇവിടേക്ക് എത്തുന്നതു തന്നെ. മെരുങ്ങാത്തവരായിരുന്ന വരയാടുകൾ ഇപ്പോൾ സഞ്ചാരികളുടെ ഒപ്പംഇണങ്ങി തുടങ്ങിയിട്ടുണ്ട് . മുമ്പ് പുൽമേടുകളിൽനിന്ന് താഴോട്ടിറങ്ങാത്ത വരയാടുകൾ ഇപ്പോൾ കൂട്ടമായി റോഡരുകിലും എത്തും.
സഞ്ചാരികളെ കണ്ട് പരിചയമായ ഇവയ്‌ക്കിപ്പോൾ പേടിയില്ല. ആൾ സാന്നിധ്യമറിഞ്ഞാൽ കുറ്റിക്കാടുകളിൽ ഒളിച്ചിരുന്ന വരയാടുകൾ ഇപ്പോൾ സന്ദർശകർക്കൊപ്പം നടക്കും. അവർക്കായി ചിത്രങ്ങൾ പകർത്താൻ നിന്നുകൊടുക്കും. എന്നാൽ, വംശനാശഭീഷണി നേരിടുന്ന വരയാടുകളെ തൊടുന്നതിന് കർശന വിലക്കുണ്ട്. നിരീക്ഷണത്തിനായി വനപാലകർ വാച്ചർമാരെയും നിയമിച്ചിട്ടുണ്ട്. വാഗ മരങ്ങൾ പൂത്തതോടെ തെക്കിന്റെ കാശ്‌മീരായ മൂന്നാർ കൂടുതൽ മനോഹരിയാണ്. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി സ്ഥലങ്ങൾ ഇവിടെയുണ്ടെങ്കിലും കൂടുതൽ സഞ്ചാരികളെത്തുന്നത് ഇരവികുളം ദേശീയോദ്യാനത്തിലെ രാജമലയിലാണ്. വശ്യമനോഹരമായ പച്ചപ്പുൽമേടുകൾ മാടിവിളിക്കുന്ന, സമുദ്രനിരപ്പിൽനിന്ന് രണ്ടായിരം അടി ഉയരത്തിലുള്ള ഈ ദേശീയോദ്യാനം പകരുന്ന അനുഭൂതി ഒന്നുവേറെയാണ്.
വന്യജീവിസങ്കേതമായി പ്രഖ്യാപിക്കുന്നതിനുമുൻപ് കണ്ണൻ ദേവൻ തേയില കമ്പനിയുടെ ഗെയിം റിസർവ്വായിരുന്നു രാജമല. 1971 ലാണ് ഈ പ്രദേശം കേരളസർക്കാറിന്റെ നിയന്ത്രണത്തിലാവുന്നത്. അതിനുശേഷം 1975 ൽ ഇരവികുളം-രാജമല വന്യജീവിസങ്കേതം നിലവിൽ വന്നു. നീലഗരി വരയാടുകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ വന്യജീവിസങ്കേതം നിലവിൽ വന്നത്. 1978ൽ ഇവിടം ദേശീയോദ്യാനത്തിന്റെ ഭാഗമായി മാറി. ചുറ്റുമുള്ള തേയിലക്കാടുകളും പച്ചപുതച്ച മലനിരകളുമെല്ലാം ഈ പ്രദേശത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നുണ്ട്. ഇടയ്ക്കിടെ തണുത്ത കാറ്റും കോടയും പ്രത്യക്ഷപ്പെടുന്നതാണ് ഇവിടുത്തെ സാധാരണ കാലാവസ്ഥ.ഇപ്പോൾ ചിലദിവസങ്ങളിൽ പെട്ടെന്ന് പെയ്‌തൊഴിയുന്ന മഴയുമുണ്ട്.
രാജമല ഉൾപ്പെടുന്ന മലനിരകളുടെ വടക്കു പടിഞ്ഞാറെ അറ്റത്താണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടി സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ചെങ്കുത്തായ മലമ്പ്രദേശമാണ് രാജമല . 2695 അടി ഉയരമുള്ള ആനമുടി ഈ പ്രദേശത്താണ്. പുൽമേടുകളും ഷോലവനങ്ങളും ഇടകലർന്ന രാജമലയിൽ സന്ദർശകർക്ക് വരയാടുകളെ അടുത്തുകാണാം എന്നതാണ് പ്രധാന സവിശേഷത.രാജമലയുടെ ചില ഭാഗങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് നീലക്കുറിഞ്ഞി പൂത്തിരുന്നു. പ്രവേശന കവാടത്തിലെ ടിക്കറ്റ് കൗണ്ടറിൽ നിന്നും പ്രവേശന പാസ് ലഭിക്കും.പാസുമായി എത്തുന്നവർക്ക് മലമുകളിലേയ്ക്കും തിരിച്ചും എത്തുന്നതിനായി വനംവന്യജീവി വകുപ്പ് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
വാഹനം നിർത്തുന്ന പോയിന്റിൽ നിന്നും മലമുകളിലേയ്ക്കുള്ള പാതയിൽ ഇരുവശങ്ങളിലും ഒട്ടുമിക്ക സമയങ്ങളിലും കൂട്ടത്തോടെ വരയാടുകളെത്തുന്നുണ്ട്.വഹനം ഇറങ്ങിയാൽ മലമുകളിലേയ്ക്കുള്ള നടപ്പുപാതയുടെ പ്രവേശന കവടാത്തിലേയ്ക്കാണ് എത്തിച്ചേരുക.മലയെ ചുറ്റിയുള്ള നടപ്പുപാതയിലെ യാത്ര നവ്യാനുഭൂതി പകരുന്നതാണെന്നും ഇത് അനുഭവിച്ചറിയുക തന്നെ വേണമെന്നുമാണ്ഇവിടം സന്ദർശിച്ച കോട്ടപ്പടി സ്വദേശികളായ സിജോ കുര്യന്റെയും അജി ജോസിന്റെയും പക്ഷം. പ്രവേശന കവാടത്തോടനുബന്ധിച്ച് കുറിഞ്ഞി കഫേ എന്ന പേരിൽ ഭക്ഷണശാല പ്രവർത്തിയ്ക്കുന്നുണ്ട്. മലമുകളിൽ വാഹനം നിർത്തുന്ന സ്ഥലത്തും ലഘുഭക്ഷണവും വെള്ളവും മറ്റും ലഭിക്കും.