ഏബിൾ. സി. അലക്സ്
കോതമംഗലം :കേരളം തെരഞ്ഞെടുപ്പ് ചൂടിലോട്ട് കടന്നതോടെ സ്ഥാനാർത്ഥികളും തിരക്കിലാണ്. കോവിഡ് നിലയുറപ്പിച്ചതിനാൽ പതിവ് തെരഞ്ഞെടുപ്പ് കാഴ്‌ചകളൊന്നുംതന്നെ ഇത്തവണയില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള പ്രചാരണത്തിനുള്ള പുതിയ വഴികൾ തേടുകയാണ് സ്ഥാനാർഥികളും പാർടികളും. പാരഡി ഗാന രചയിതാക്കൾക്കും, ഗായകർക്കും, റെക്കോർഡിങ് സ്റ്റുഡിയോകൾക്കും എല്ലാം തിരക്കായി കഴിഞ്ഞു. ഇത്തവണ ചരിത്രമാകുന്നത് മാസ്ക് തന്നെയാണ്. അക്കാര്യത്തിൽ തെല്ലും സംശയം ഇല്ല. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമാകും മാസ്ക് പ്രചാരണരീതിയാകുക. പാർടിചിഹ്നങ്ങൾ പതിപ്പിച്ച മനോഹരമായ മാസ്കുകൾ വിപണിയിലെത്തി കഴിഞ്ഞു.ചിഹ്നം പതിപ്പിച്ച മാസ്കുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഇത്തരത്തിൽ നിരവധി മാസ്‌കുകളാണ് ദിവസവും വാങ്ങിക്കൊണ്ടു പോകുന്നതെന്ന് കോതമംഗലത്തെ മാസ്കുകളുടെ മൊത്ത വ്യാപാരി ഗൾഫ് ബസാർ ഉടമ ജോഷി അറക്കൽ പറഞ്ഞു.
തെരഞ്ഞെടുപ്പു പ്രചാരണത്തിന് വീട്ടിലെത്തുന്ന സ്ഥാനാർത്ഥികൾ ഇനി വോട്ട് ചോദിക്കേണ്ടതില്ല. ചിഹ്നവും, സ്ഥാനാര്ഥിയെയും അവർ ധരിച്ചിരിക്കുന്ന മാസ്ക് തന്നെ നമ്മോടു പറയും. തെരഞ്ഞെടുപ്പ് ദിവസം ബൂത്ത് പരിസരത്തുമാത്രമേ ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള മാസ്കിന് വിലക്കുണ്ടാകൂ.സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് സ്വീകരിക്കാവുന്ന 75 ൽ പരം ചിഹ്നങ്ങളുടെ പട്ടിക തെരഞ്ഞെടുപ്പു കമ്മീഷൻ ഇറക്കിയിട്ടുണ്. കാരറ്റ്, കൈവണ്ടി, ചെണ്ട, വിസിൽ തുടങ്ങി 75 ചിഹ്നങ്ങളാണ് സ്വതന്ത്ര സ്ഥാനാർത്ഥികൾക്കായി പട്ടികയിലുള്ളത്. വാഹനങ്ങളും, സ്പോർട്സ് ഉപകരണങ്ങളും , സംഗീത ഉപകരണങ്ങളും സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങളായി സ്വീകരിക്കാം.
അലമാര, ആൻ്റിന, ആപ്പിൾ, ഓട്ടോറിക്ഷ, മഴു, ബലൂൺ, ബെഞ്ച്, ബ്ലാക്ക് ബോർഡ്, കുപ്പി, ബ്രീഫ് കെയ്സ്, ബ്രഷ്, തൊട്ടി, ക്യാമറ, മെഴുകുതിരികൾ, കാർ, കാരം ബോർഡ്, കാരറ്റ്, കൈവണ്ടി, ചെണ്ട, കോട്ട്, ശംഖ്, ക്രിക്കറ്റ് ബാറ്റ്, വിളവെടുക്കുന്ന കർഷകൻ, കപ്പും സോസറും, മൺകലം, ഇലക്ട്രിക് സ്വിച്ച്, എരിയുന്ന പന്തം, ഓടക്കുഴൽ, ഫുട്ബാൾ, ഗ്യാസ് സ്റ്റൗവ്, മുന്തിരിക്കുല, ഹാർമോണിയം, ഹെൽമറ്റ് , ഹോക്കി സ്റ്റിക്കും പന്തും, കുടിൽ, മഷിക്കുപ്പിയും പേനയും, ഇസ്തിരിപ്പെട്ടി, കെറ്റിൽ, പട്ടം, ലാപ്ടോപ്, എഴുത്തു പെട്ടി, താഴും താക്കോലും, മാങ്ങ, മൊബൈൺ ഫോൺ, പൈനാപ്പിൾ, കലപ്പ, പ്രഷർ കുക്കർ , തീവണ്ടി എൻജിൻ, മോതിരം, റോസാ പൂവ്, റബ്ബർ സ്റ്റാമ്പ് , കത്രിക , സ്കൂട്ടർ, തയ്യൽ മെഷീൻ, കപ്പൽ, സ്ലേറ്റ്, സ്റ്റെതസ്കോപ്പ്, സ്റ്റൂൾ, മേശ, ടേബിൾഫാൻ, മേശ വിളക്ക്, ടെലിഫോൺ, ടെന്നീസ് റാക്കറ്റ്, പെരുമ്പറ, പമ്പരം, വൃക്ഷം, ട്രംപറ്റ്, കോർത്തിരിക്കുന്ന രണ്ടു വാൾ, രണ്ടു വാളും ഒരു പരിചയും, കുട, വയലിൻ, പമ്പ് , ടാപ്പ്, വിസിൽ, ജന്നൽ എന്നിവയാണ് തെരഞ്ഞെടുപ്പു കമ്മീഷൻ സ്വതന്ത്ര സ്ഥാനാർഥികൾക്കായി അനുവദിച്ച മറ്റു ചിഹ്നങ്ങൾ. ഇവരൊക്കെ മാസ്കിൽ ചിഹ്നങ്ങൾ പതിപ്പിക്കാൻ തുടങ്ങിയാൽ മാസ്ക്.
ഡിജിറ്റൽ വാർ ചായക്കടകളിലെ അന്തിച്ചർച്ചയ്ക്കും കൂട്ടംചേർന്നുള്ള വീടുകയറലിനും നിയന്ത്രണമുണ്ട്. അതേസമയം സമൂഹമാധ്യമങ്ങളിലെ ചർച്ചാവേദികൾ പലതും ഇപ്പൊഴേ പോർക്കളമായി. റോഡിൽ ബാനറും ചുവരെഴുത്തും നിറയുന്നതിനൊപ്പം വാട്‌സാപ് സ്റ്റാറ്റസുകളിലും ഇൻസ്റ്റഗ്രാം സ്‌റ്റോറികളിലും സ്ഥാനാർഥികൾ ചിരിച്ച് കൈവീശി പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഈ തെരഞ്ഞെടുപ്പുകാലം ടെക്കികൾക്ക് ജോലിയേറെയുണ്ടെന്നുറപ്പ്. പ്രചാരണത്തിനായി ഉണ്ടാക്കിയിരിക്കുന്ന വാട്‌സാപ് ഗ്രൂപ്പുകളിൽ ട്രോളുകൾ ചീറി പാഞ്ഞു തുടങ്ങീട്ടുണ്ട്. അതിനാൽതന്നെ മുമ്പുള്ളതുപോലെയുള്ള തെരഞ്ഞെടുപ്പ് നിരീക്ഷണം നടത്തണമെങ്കിൽ ഉദ്യോഗസ്ഥരും പൊലീസും കൂടുതൽ ഹൈടെക്കാകണം.
വീട് സന്ദർശനത്തിന് പരമാവധി അഞ്ചുപേർക്കുമാത്രമാണ് അനുമതി. അതിനാൽ സ്ഥാനാർഥികളും പ്രചാരണസംഘവും കർശനമായ സുരക്ഷാ മുൻകരുതലെടുക്കേണ്ടതുണ്ട്. കോവിഡ് രോഗികളുമായി സമ്പർക്കത്തിലായാൽ നിരീക്ഷണത്തിൽ പോകണം. കോവിഡ് സ്ഥിരീകരിച്ചാലും പ്രചാരണത്തെ പ്രതികൂലമായി ബാധിക്കും.പിന്നെ കുറന്റൈനിലിരുന്നു വേണം സ്ഥാനാർത്ഥിയടക്കമുള്ളവരുടെ വോട്ട് ചോദിക്കൽ. മൊബൈൽ ഫോണിലുണ്ടായ വിപ്ലവകരമായ മുന്നേറ്റം ഇതിനു ചെറിയൊരാശ്വാസം പകരുന്നുണ്ട്. വാട്സ്ആപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലാണ് തെരഞ്ഞെടുപ്പു പ്രചാരണവും വാദപ്രതിവാദങ്ങളും എല്ലാം കൊഴുക്കുന്നത്. ഓരോ സ്ഥാനാർത്ഥിയും അവരവരുടേതായ വാട്സ്ആപ്പ് കൂട്ടായിമകൾ ഉണ്ടാക്കി തെരഞ്ഞെടുപ്പു പ്രചാരണത്തിന് ആക്കാം കൂട്ടുകയാണ്.