കോതമംഗലം: താലൂക്കിലെ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലേക്കുള്ള പോളിംഗ് യന്ത്രങ്ങളുടേയും മറ്റ് സാമഗ്രികളുടെയും വിതരണം ഇന്ന് രാവിലെ എട്ടിന് എംഎ കോളജ് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു തിരക്ക് ഒഴിവാക്കുന്നതിനായി ഓരോ പഞ്ചായത്തുകൾക്കും സാമഗ്രികൾ വിതരണം ചെയ്യുന്ന സമയക്രമം നിശ്ചയിച്ചു നൽകിയിരുന്നു. ഉച്ചയോടുകൂടി വിതരണം പൂർത്തിയാക്കുകയും തുടർന്ന് രാത്രിയോടെ പോളിംഗ് ബൂത്തുകൾ സജ്ജമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. കോതമംഗലം താലൂക്കിൽ പഞ്ചായത്തുകളിലും നഗരസഭയിലുമായി മുന്നൂറിൽ താഴെ പോളിംഗ് ബൂത്തുകളാണ് ആകെയുള്ളത്. ഓരോ ബൂത്തുകളിലും അഞ്ച് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടാകും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജില്ലയിൽ 38 പോളിങ് സ്റ്റേഷനുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തും. നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ മൂന്ന് ഇടങ്ങളിൽ ഈ സൗകര്യം ലഭ്യമായിരിക്കുമെന്ന് കളക്ടർ വ്യകതമാക്കുന്നു. ഓരോ പ്രദേശത്തെയും അക്ഷയ കേന്ദ്രങ്ങൾ ആണ് വെബ് കാസ്റ്റിംഗിന് ആവശ്യമായ ലാപ്ടോപ്, ക്യാമറ എന്നിവ ക്രമീകരിക്കുന്നത്. കേന്ദ്രങ്ങളിൽ നിയോഗിക്കുന്നതും അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാരെ ആയിരിക്കും. ബി. എസ്. എൻ. എൽ ആണ് ആവശ്യമായ നെറ്റ്‌വർക്ക് സംവിധാനങ്ങൾ ഒരുക്കുന്നത്. കെൽട്രോൺ ആണ് സാങ്കേതിക സഹായം ഉറപ്പാക്കുന്നത്. ജില്ലാ തലത്തിൽ കളക്ടറേറ്റിൽ വെബ് കാസ്റ്റിംഗ് കൺട്രോൾ റൂം പ്രവർത്തിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന പ്രശ്ന ബാധിത ബൂത്തുകളിൽ നിന്ന് തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ആണ് വെബ് കാസ്റ്റിംഗ് നടത്തുന്നത്.