കോതമംഗലം: ഭൂതത്താൻകെട്ടിൽ മുഴുവൻ ഷട്ടറുകളും ഉയർത്തിയതിനെത്തുടർന്നുണ്ടായ കുടിവെള്ള പ്രതിസന്ധി പരിഹരിക്കുവാൻ എറണാകുളം കളക്ടർക്ക് കത്ത് നൽകി ആന്റണി ജോൺ എം.എൽ.എ. ന്യുനമർദ്ദവും കാലവർഷ ഭീഷണിയും മുന്നിൽകണ്ട് ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി താഴുകയായിരുന്നു. ഇതോടെ പെരിയാറിനെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളായ തട്ടേക്കാട്, കുട്ടമ്പുഴ, ആവോലിച്ചാൽ, കുട്ടമംഗലം , നേര്യമംഗലം, കീരംപാറ പമ്പ് ഹൗസുകളുടെ പ്രവർത്തനം നിർത്തിവെക്കേണ്ടതായി വന്നു. എക്കലും ചെളിയും കലർന്ന് കലങ്ങിയാണ് ഇവിടെ ഇപ്പോൾ പെരിയാർ ഒഴുകുന്നത്. ഇതോടെ കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം അവതാളത്തിലാവുകയായിരുന്നു.
പുഴയിലെ ജലവിതാനം താഴ്ന്നതോടെ നദിയുടെ അടിത്തട്ടും മണൽത്തിട്ടകളും തെളിയുകയും ചെയ്തു. പെരിയാറിനോട് ചേർന്നുള്ള പ്രദേശങ്ങളിലെ കുടിവെള്ള ഷാമം പരിഹരിക്കുവാൻ ഭൂതത്താൻകെട്ടിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.