കോതമംഗലം :വെടിയേറ്റു വീഴുന്ന പ്രണയം എന്ന കവിതയുമായി പ്രശസ്ത പിന്നണി ഗായിക മൃദുല വാര്യർ. കോതമംഗലം നെല്ലികുഴി ഇന്ദിര ഗാന്ധി ദന്തൽ കോളേജ് വിദ്യാർത്ഥിനിയായിരുന്ന പി വി മാനസയുടെ പാവനമായ ഓർമ്മയ്ക്ക് മുന്നിൽ ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ടാണ് മൃദുലയുടെ ഈ പ്രണയകവിത. ‘വെടിയേറ്റു വീഴുന്ന പ്രണയം എന്ന് പേരിട്ടിരിക്കുന്ന ഈ കവിതയ്ക്ക് മാനസയുടെ ജീവിതകഥയുമായി യാതൊരു ബന്ധവുമില്ലയെന്ന് മൃദുല പറയുന്നു. പുതിയ കാലത്തിലെ പ്രണയ സങ്കൽപങ്ങളിൽ ഉണ്ടായിട്ടുള്ള പേടിപ്പിക്കുന്ന ചില മാറ്റങ്ങളാണ് ഇതിന്റെ വിഷയം.
പ്രശസ്ത ഗാനരചയിതാവും കവിയും സംഗീത നിരൂപകനും തലശ്ശേരി ബ്രണ്ണൻ കോളേജിൽ പ്രൊഫസറുമായ മധു വാസുദേവൻ എഴുതിയതാണ് ഈ കവിത. എ. ആർ. റഹ് മാൻന്റെ പ്രിയ ശിഷ്യനും ഗായകനും സംഗീതസംവിധായകനുമായ സച്ചിൻ ശങ്കർ മന്നത്താണ് കവിതയ്ക്ക് മനോഹരമായ ഈണം നൽകിയിട്ടുള്ളത്. വീഡിയോ തയ്യാറാക്കിയത് , തൃശൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ എം സി എ വിദ്യാർത്ഥിയായ ശ്രീവിഷ്ണു ഉണ്ണിയാണ്. “പ്രണയത്തിനെന്നും പകരം കൊടുക്കാൻ മരണമല്ലാതെ യൊന്നുണ്ടോ? എന്ന് തുടങ്ങുന്ന കവിത മൃദുലയുടെ മധുര ശബ്ദത്തിൽ, ഭാവാർദ്രമായി, ഭാവതീവ്രത ഒട്ടും ചോരാതെ മനോഹരമായി ആലപിച്ചിരിക്കുന്നു. കവിതയും, ഈണവും മികവുറ്റതായി.
കോതമംഗലം നെല്ലികുഴിയിൽ വെടിയേറ്റു കൊല്ലപ്പെട്ട മാനസയുടെ നീറുന്ന ഓർമ്മകൾക്കു മുന്നിൽ ഈ ലിറിക്കൽ വീഡിയോ സമർപ്പിക്കുകയാണ് മൃദുല വാര്യർ.നിരവധി ആളുകളാണ് ഈ ലിറിക്കൽ വീഡിയോ സമൂഹ മാധ്യമത്തിൽ കണ്ട് പങ്കു വച്ചിരിക്കുന്നത്.