കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ് ഡയാനക്കിത്. ഈ കഴിഞ്ഞ ചൊവ്വെഴ്ച ഗുരുവായൂർ അമ്പലത്തിനു സമീപമുള്ള നൃത്ത വേദിയിൽ ഭരതനാട്യം അരങ്ങേറ്റ നൃത്തം ചെയ്യുമ്പോൾ നാല്പത്കാരിയായ ഈ കോളേജ് അദ്ധ്യാപികയുടെ കാലുകൾ വിറച്ചില്ല. ചുവടുകൾ പിഴച്ചില്ല. ആത്മ സംതൃപ്തിയുടെ ഊർജവുമായിട്ടാണ് ഡോ. ഡയാന തന്റെ അരങ്ങേറ്റം കുറിച്ചത്.
തന്റെ പ്രിയ അനിയത്തിക്കുട്ടി ദീപ്തി ഐസക് പാതിവഴിയിൽ ഉപേക്ഷിച്ച ആഗ്രഹം, തനിക്ക് സാധിക്കണമെന്ന് വാശിപിടിച്ച ജേഷ്ഠ സഹോദരിയുടെ മധുര പ്രതികാരംകൂടിയാണിത്.
ഡയാനയുടെ മകൾ ആറു വയസുകാരി ഹന്ന പോളിനെയും, നാലുവയസുകാരനായ മകൻ ഡാനിസ് ഐസക് പോളിനേയും നൃത്തം അഭ്യസിപ്പിക്കുവാനായിട്ടാണ് കൈമുദ്രകളിലൂടെയും, പദചലനങ്ങളിലൂടെയും ഭാവാഭി നയത്തിലൂടെയും വിസ്മയം തീർക്കുന്ന കോതമംഗലം വാരപ്പെട്ടി ഇളങ്ങവം സ്വദേശിനിയായ നൃത്ത അദ്ധ്യാപിക കലാമണ്ഡലം അഞ്ജലി സുനിലിന്റെ അടുത്ത് ഡയാനയെത്തുന്നത്.നൃത്ത അദ്ധ്യാപികയുടെ നിർബന്ധത്തിനും തന്റെ ചെറു പ്രായത്തിൽ മനസ്സിൽ മൊട്ടിട്ട ആഗ്രഹപൂർത്തികരണത്തിനുമായി മക്കളുടെ ഒപ്പം ദക്ഷിണ വെച്ച് ഡയാന അടവുകൾ പഠിച്ചപ്പോൾ പൂവണിയാതെ പോയ ബാല്യകാല ആഗ്രഹങ്ങളുടെ ഭാരം ഇറക്കി വയ്ക്കുവാനുള്ള അവസരംകൂടിയായി. എന്നെക്കൊണ്ട് ഇത് സാധിക്കുമോ അഞ്ജലി ടീച്ചറെ എന്ന് സംശയത്തോടെ ചോദിച്ചപ്പോൾ ഡയാന ടീച്ചറെക്കൊണ്ട് മാത്രമേ ഇത് സാധിക്കൂ എന്ന് പറഞ്ഞുകൊണ്ട് തന്നെ പ്രോത്സാഹിപ്പിച്ച പ്രിയ ഗുരു കലാമണ്ഡലം അഞ്ജലി ടീച്ചറിന്റെ വിശ്വാസമാണ് തന്റെ ആഗ്രഹ സഫാല്യത്തിനു പിന്നിലെ ഊർജമെന്ന് ഡയാന പറയുന്നു.
മുഖാഭിനയങ്ങളിലൂടെയും, മുദ്രകളിലൂടെയും, അംഗ വിന്യാസങ്ങളിലൂടെയും നൃത്തച്ചുവടുകൾ തീർക്കാനൊരുങ്ങുകയാണ് ഈ കോളേജ് അദ്ധ്യാപിക. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസ്സോ. പ്രൊഫസർ മുവാറ്റുപുഴ, കടാതി വാത്യാട്ട് ഡോ. ജിനു പോളിന്റെ ഭാര്യയാണ്.