കോതമംഗലം : കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് 19 വ്യാപനം നേരിടുന്നതിനു വേണ്ടിയുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ(സി എഫ് എൽ റ്റി സി)ആരംഭിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ കോതമംഗലം മണ്ഡലത്തിൽ ആരംഭിച്ചതായും,സെൻ്ററുകൾക്കു ആവശ്യമായ സ്ഥലങ്ങൾ കണ്ടെത്തിയതായും ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് – മാർ ബസേലിയോസ് ദന്തൽ കോളേജ്,വാരപ്പെട്ടി പഞ്ചായത്ത് – പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ,പിണ്ടിമന പഞ്ചായത്ത് – സെൻ്റ് ഗ്രിഗോറിയോസ് ദന്തൽ കോളേജ്, കീരംപാറ പഞ്ചായത്ത് – സെൻ്റ് സ്റ്റീഫൻസ് ഗേൾസ് ഹൈസ്കൂൾ,കോട്ടപ്പടി പഞ്ചായത്ത് – കൈരളി ഓഡിറ്റോറിയം,കുട്ടമ്പുഴ പഞ്ചായത്ത് (2കേന്ദ്രങ്ങൾ) – കുട്ടമ്പുഴ ഗവൺമെൻ്റ് ഹൈസ്കൂൾ,പൊയ്ക ഗവൺമെൻ്റ് എച്ച് എസ്,കവളങ്ങാട് പഞ്ചായത്ത് – എംബിറ്റ്സ് എഞ്ചിനീയറിങ്ങ് കോളേജ് മെൻസ് ഹോസ്റ്റൽ,പല്ലാരിമംഗലം പഞ്ചായത്ത് – ഇർഷാദിയ പബ്ലിക് സ്കൂൾ കൂവള്ളൂർ,കോതമംഗലം മുനിസിപ്പാലിറ്റി – മാർ ബസേലിയോസ് കൺവെൻഷൻ സെൻ്റർ ചെറിയപള്ളി എന്നിങ്ങനെ 10 കേന്ദ്രങ്ങളാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിനായി കണ്ടെത്തിയിട്ടുള്ളത്.
കോവിഡിൻ്റെ സാമൂഹ്യ വ്യാപനം ഉണ്ടായാൽ നിലവിലുള്ള പൊതു ജന ആരോഗ്യ സംവിധാനത്തിൻ്റെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ അവശ്യ സൗകര്യങ്ങളുള്ള പ്രാദേശിക കേന്ദ്രങ്ങളായാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ പ്രവർത്തിക്കുന്നത്.കോവിഡ് സംശയിക്കപ്പെടുന്നവർക്കും,രോഗബാധിതർക്കും പ്രത്യേക പരിഗണനയും,ശ്രദ്ധയും തുടക്കത്തിൽ തന്നെ ലഭിക്കുന്നതിനും കൂടിയാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ ആരംഭിക്കുന്നത്.ട്രീറ്റ്മെൻ്റ് സെൻ്ററുകളുടെ നടത്തിപ്പിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൻ്റെ അധ്യക്ഷൻ ചെയർമാൻ / ചെയർപേഴ്സൺ ആയ കമ്മിറ്റി ഉണ്ടാകും.ഏകോപനത്തിന് ഒരു നോഡൽ ഓഫീസർ മുഴുവൻ സമയവും ഉണ്ടാകും.കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള സൗകര്യങ്ങളും,പ്രവർത്തനങ്ങളും മുഴുവൻ സെൻ്ററുകളിലും ഉറപ്പാക്കും.സെൻ്ററുകൾക്ക് ആവശ്യയമാ സാമ്പത്തിക സഹായം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അനുവദിക്കും.
മെഡിക്കൽ സ്റ്റാഫിൻ്റെ സേവനങ്ങൾ ആരോഗ്യ വകുപ്പ് ഉറപ്പാക്കും.ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് ആവശ്യമായ സാധനങ്ങൾ നൽകി സഹായിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി കോതമംഗലം താലൂക്ക് ഓഫീസിൽ കളക്ഷൻ സെൻ്റർ ആരംഭിച്ചിട്ടുണ്ടെന്നും,സെൻ്ററുകളിലേക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുവാൻ സുമനസ്സുകളുടെ സഹായം ഉണ്ടാകണമെന്നും എം എൽ എ അഭ്യർത്ഥിച്ചു.ഈ മാസം 23-ാം തിയതിയോടു കൂടി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും,ഇതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും എം എൽ എ പറഞ്ഞു.