കവളങ്ങാട്: കോവിഡ് ബാധിച്ച് മരിച്ച വളർച്ച വൈകല്ല്യമുള്ള കുട്ടിയുടെ മൃതദേഹം ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് സംസ്കരിച്ചു. പോത്താനിക്കാട് പഞ്ചായത്ത് ഏഴാം വാർഡ് പടിഞ്ഞാറേക്കുടിയിൽ പോൾ – മിനി ദമ്പതികളുടെ മകൻ ബിനു പോളാണ് (20) കോവിഡ് ബാധിച്ച് ശനിയാഴ്ച മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു. വാർഡ് മെമ്പർ മേരി തോമസ് അറിയിച്ചതനുസരിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ ബിനുവിനെ നാലു ദിവസം മുമ്പ് കോതമംഗലം ധർമഗിരി ആശുപത്രിയിൽ എത്തിച്ചിരുന്നു. അസുഖം മൂർച്ചിച്ചതിനെ തുടർന്ന് രണ്ടു ദിവസം മുൻപാണ് കുട്ടിയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെ വെച്ച് മരിക്കുകയായിരുന്നു.
ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവർത്തകരായ ബേസിൽ ജയിംസ്, ഷിബു ഏഡൻസ്, എൽദോസ് എം ജേക്കബ്, ജോബി വിജി, റിനീഷ് തോമസ് എന്നിവരാണ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സംസ്കാരം നടത്തിയത്. ഏറെ കഷ്ടത അനുഭവിക്കുന്ന കുടുംബത്തിലെ അവസ്ഥ മനസ്സിലാക്കി സംസ്കാര ചടങ്ങുകളുടെ മുഴുവൻ ചിലവുകളും ഈ പ്രതിരോധ സേനയാണ് ഏറ്റെടുത്തത്. ഇതിന് മുമ്പ് നടത്തിയ സംസ്കാര ചടങ്ങിൻ്റെയും മുഴുവൻ ചിലവുകളും ഇത്തരത്തിൽ സംഘടന തന്നെയാണ് ഏറ്റെടുത്തത്. കോവിഡ് പ്രതിരോധ പ്രവർത്തനമേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഡിവൈഎഫ്ഐ പോത്താനിക്കാട് മേഖലാ കമ്മിറ്റിയും, എസ്എഫ്ഐ പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയും സംയുക്തമായി നടത്തുന്നത്.