നെല്ലിക്കുഴി : കോവിഡ് രോഗം തീർത്ത പരിമിതമായ കാഴ്ചവട്ടത്തിനകത്ത് പ്രത്യക്ഷപ്പെട്ട ഒറ്റയാനായ ഈ വാനരൻ രോഗപീഢകളുമായി കഴിയുന്ന ചെറുവട്ടൂർ CFLTCയിലെ മുപ്പതോളം പേർക്ക് ഏറെ നേരം നേരമ്പോക്കായി. നെല്ലിക്കുഴി പഞ്ചായത്തിന്റെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തിക്കുന്ന ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരു കുരങ്ങനെത്തി. എവിടെ നിന്നാണ് ഈ ഒറ്റയാൻ വാനരന്റെ വരവെന്ന് ആർക്കുമറിയില്ല.
ഇന്ന് രാവിലെയാണ് CFLTC യിലെ വളണ്ടിയേഴ്സ് താമസിക്കുന്ന കെട്ടിടത്തോട് ചേർന്നുള്ള മരത്തിൽ കുരങ്ങൻ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ മരക്കൊമ്പുകളിലൂടെയുള്ള ചാട്ടവും ചേഷ്ടകളും CFLTC യിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികൾക്ക് ഏറെനേരം കൗതുക കാഴ്ചയായി. മരങ്ങളിലൂടെ ചാടി നടക്കുന്നതിനിടയിൽ കാക്കകൾ കൂട്ടത്തോടെ വളഞ്ഞതോടെ കുരങ്ങ് അരക്ഷിതാവസ്ഥയിലായി.
വളണ്ടിയേഴ്സ് നൽകിയ പഴവും ബിസ്ക്കറ്റും കഴിക്കാൻ കുരങ്ങച്ചൻ മരത്തിൽ നിന്നും താഴേക്ക് ഇറങ്ങിവരികയും ചെയ്തു. വീണ്ടും കാക്കക്കൂട്ടത്തിന്റെ ശബ്ദാരവങ്ങൾ വലയം ചെയ്ത മരത്തിലേക്ക് സുരക്ഷിത ഇടംതേടി ഒറ്റപ്പെട്ട നിലയിൽ വന്നെത്തിയ ആ കുരങ്ങൻ മറയുകയായിരുന്നു.