കോതമംഗലം : 1 കോടി രൂപ ചിലവഴിച്ച് ചെറുവട്ടൂർ ഗവ ആയുർവേദ ആശുപത്രിയിൽ നിർമ്മിക്കുന്ന പുതിയ ഒ പി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം ബുധനാഴ്ച
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ചെറുവട്ടൂർ ഗവ ആയുർവേദ ആശുപത്രി കോതമംഗലം താലൂക്കിലെ കിടത്തി ചികിത്സ സൗകര്യം ഉള്ള ഏക സർക്കാർ ആയുർവേദ സ്ഥാപനമാണ്.
1952 ഡിസ്പെൻസറിയായി പ്രവർത്തനം ആരംഭിച്ച സ്ഥാപനം 1983- ല്‍ 10 കിടക്കകളുള്ള ആശുപത്രിയായി ഉയർത്തി. കഴിഞ്ഞ 74 വർഷങ്ങളായി ഈ നിലയിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിൽ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെട്ടതിനാൽ 5 പേ വാർഡും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ജനറൽ വാർഡിൽ 15 പേരെ ഇപ്പോൾ കിടത്തി ചികിൽസിക്കുന്നതിനുള്ള സൗകര്യം നിലവിൽ ഉണ്ട്. എറണാകുളം ജില്ലയിൽ നിന്നും മാത്രമല്ല,ഇടുക്കി ജില്ലയുടെ ഉൾപ്രദേശങ്ങളിൽ നിന്നും പോലും കിടത്തി ചികിത്സയ്ക്ക് ഇവിടെ രോഗികൾ എത്താറുണ്ട്.
നിലവിൽ നാല് ഡോക്ടർമാരാണ് ആശുപത്രിയിൽ ഉള്ളത്. ഇത്രയും ഡോക്ടേഴ്സിന് സൗകര്യപ്രദമായ രോഗികളെ പരിശോധിക്കുന്നതിനുള്ള റൂമുകൾ നിലവിൽ ഇല്ലാത്ത സാഹചര്യത്തിലാണ് നാഷണൽ ആയുസ് മിഷനിൽ നിന്നും പുതിയ ഒ പി ബ്ലോക്ക് നിർമ്മാണത്തിനായി ഒരു കോടി രൂപ അനുവദിച്ചത്. ആശുപത്രിയുടെ ആദ്യകാലങ്ങളിൽ പണിത ഉപയോഗശൂന്യമായ പഴയ രണ്ട് കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാണ് പുതിയ ഒ പി ബ്ലോക്ക് നിർമ്മിക്കുന്നത്.
ഒ പി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം മാർച്ച് പതിനൊന്നാം തീയതി ബുധനാഴ്ച വൈകിട്ട് 3:00 മണിക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിക്കും. ഉദ്ഘാടനം വേളയിലേക്ക് ഹൃദയപൂർവ്വം ഏവരെയും സ്വാഗതം ചെയ്യുന്നതായി എംഎൽഎ അറിയിച്ചു.






















































