കവളങ്ങാട് : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ തലക്കോട് വെള്ളാമക്കുത്തിൽ ഇന്നലെ വൈകിട്ട് വേനൽ മഴയ്ക്കൊപ്പമുണ്ടായ കാറ്റിൽ കൂറ്റൻ തെങ്ങ് ദേശീയപാതയിലേക്ക് കടപുഴുകി വീഴുകയായിരുന്നു. ഇന്നലെ ഞായറാഴ്ച്ച റോഡിൽ വലിയ തിരക്കുള്ള സമയത്താണ് കാറ്റിൽ തെങ്ങ് മറിഞ്ഞ് റോഡിലേക്ക് പതിച്ചത്. ഊന്നുകൽ പോലീസെത്തി ഗതാഗതം നിയന്ത്രിക്കുകയും കോതമംഗലം ഫയർ ഫോഴ്സ് റോഡിൽ വീണതെങ്ങ് മുറിച്ച് നീക്കിയതിനെ തുടർന്ന് പോലീസ് ഗതാഗതം പുനസ്ഥാപിച്ചു.
വർഷങ്ങൾക്ക് മുൻപ് നെല്ലിമറ്റം കോളനിപടിയിൽ മരം മറിഞ്ഞ് കറുകടത്തെ സ്കൂൾ ബസ്സിൽ വീണ് അഞ്ച് പിഞ്ച് വിദ്യാർത്ഥികൾ മരിച്ച സംഭവം നാട്ടുകാർ ഇന്നും ഞെട്ടലോടെയാണ് ഓർക്കുന്നത്. കോതമംഗലം മുതൽ നേര്യമംഗലം വരെ നെല്ലിമറ്റം വില്ലേജാഫീസിനു മുന്നിലുൾപ്പെടെ നിരവധി കൂറ്റൻ മരങ്ങളാണ് യാത്രക്കാർക്ക് അപകട ഭീഷണിയായി നിൽക്കുന്നത്. എത്രയും പെട്ടെന്ന് അപകട ഭീക്ഷണിയുള്ള മരങ്ങൾ മുറിച്ച് നീക്കി യാത്രക്കാർക്ക് സുരക്ഷിത യാത്രയൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.