കോതമംഗലം: കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ കേരഗ്രാമം പദ്ധതിക്ക് കോതമംഗലം ബ്ലോക്കിലെ പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിൽ തുടക്കമാകുന്നു. പദ്ധതിയുടെ ഉത്ഘാടനം 25 ന് വൈകിട്ട് നാലിന് പോത്താനിക്കാട് വച്ച് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവ്വഹിക്കും.മാത്യു കുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും നാളികേരത്തിൻ്റെ ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിച്ച് കൊണ്ട് കേരകർഷകരെ സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഉത്ഘാടന പരിപരിപാടിയുടെ വിജയത്തിനായി പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് സ്വാഗത സംഘ യോഗം ചേർന്നു.
പഞ്ചായത്ത് പ്രസിഡൻ്റ് എൻ.എം.ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാപഞ്ചായത്തംഗം റാണിക്കുട്ടി ജോർജ് ഉത്ഘാടനം ചെയ്തു. പൈങ്ങോട്ടൂർ, പോത്താനിക്കാട് പഞ്ചായത്തിലെ ജനപ്രതിനിധികൾ, കേര സമിതി ഭാരവാഹികൾ തുടങ്ങീയവർ സംസാരിച്ചു.കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി.സിന്ധു പദ്ധതി വിശദീകരിച്ചു. ഉത്ഘാടനത്തിൻ്റെ ഭാഗമായി 24-ാം തീയതി കോതമംഗലം ബ്ലോക്കിലെ മുഴുവൻ കൃഷിഭവനിലെയും കർഷകരെ പങ്കെടുപ്പിച്ചു കൊണ്ട് പോത്താനിക്കാട് വച്ച് തെങ്ങ് കയറ്റം, തേങ്ങ പൊതിക്കൽ, തേങ്ങ ചുരണ്ടൽ, ഓലമെടയൽ തുടങ്ങീ മത്സരങ്ങൾ സംഘടിപ്പിക്കും. മത്സരാർത്ഥികൾ മത്സര സാമഗ്രികൾ കൊണ്ടുവരേണ്ടതും 22 ന് അഞ്ചു മണിക്ക് മുമ്പായി അതാത് കൃഷി ഭവനിൽ പേര് നൽകുകയും വേണം. കുട്ടികൾക്ക് പ്രത്യേകം ഓലകൊണ്ടുള്ള മത്സരങ്ങൾ ഉണ്ടാകും.
25 ന് രാവിലെ ഫാർമേഴ്സ് ബാങ്ക് ഹാളിൽ വച്ച് രാവിലെ മുതൽ വിവിധ സെമിനാറുകൾക്ക് ശേഷം ഉത്ഘാടനം ആരംഭിക്കും.ഉത്ഘാടന പരിപാടിയുടെ വിജയത്തിനായും മത്സര നടത്തിപ്പിനായും ജനപ്രതിനിധികളും, കേര സമിതി ഭാരവാഹികളും, കർഷകരും, ഉദ്യോഗസ്ഥരുമടങ്ങുന്ന വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകി. പൈങ്ങോട്ടുർ പഞ്ചായത്ത് പ്രസിഡൻ്റ് സീമാ സിബി സ്വാഗതവും കൃഷി ഓഫീസർ കെ.എസ്.സണ്ണി നന്ദിയും പറഞ്ഞു.
ഫോട്ടോ: കേരഗ്രാമം പദ്ധതിയുടെ ഉത്ഘാടന പരിപാടിയുടെ വിജയത്തിനായി പോത്താനിക്കാട് ചേർന്ന സംഘാടകസമിതിയുടെ യോഗം ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ് ഉത്ഘാടനം ചെയ്യുന്നു.