പെരുമ്പാവൂർ : പരിസ്ഥിതി സൗഹാർദ്ദമായ പ്രകൃതി വാതക പദ്ധതി പെരുമ്പാവൂർ മണ്ഡലത്തിൽ നടപ്പിലാക്കുന്നതിന് ആദ്യ വട്ട ചർച്ച നടത്തിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും അദാനി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭത്തിന്റെ കേരള വിഭാഗം തലവൻ അജയ് പിള്ളയുമായാണ് എം.എൽ.എ സംസാരിച്ചത്. തുടർന്ന് ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ രാജീവ് ശിഖക്ക് പദ്ധതി സംബന്ധിച്ചു വിശദമായ റിപ്പോർട്ട് എം.എൽ.എ സമർപ്പിച്ചിട്ടുണ്ട്. മണ്ഡലത്തിലെ വ്യാവസായിക, ഗതാഗത രംഗത്തും ഗാർഹിക ഉപയോഗത്തിനും പദ്ധതി പ്രയോജനകരമാണ്. ആലുവയിൽ നിന്നാണ് പെരുമ്പാവൂർ മണ്ഡലത്തിലേക്ക് ആവശ്യമായ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നത്.
വീടുകളിലേക്ക് സ്ഥാപിക്കുന്ന പൈപ്പുലൈനുകളിൽ നിന്നും ഉപയോഗിക്കുന്ന വാതകത്തിന് മാത്രം പണം നൽകിയാൽ മതിയാകും. സമ്മർദ്ദം കുറഞ്ഞ ഇത്തരം പൈപ്പുകൾ സ്ഥാപിക്കുന്നത് മൂലം അപകട സാധ്യതയും കുറവാണ്. അമിത സമ്മർദ്ദമുള്ള സിലിണ്ടറുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് ഇത് വഴി പരിഹാരം ഉണ്ടാകും. ഈ വർഷം തന്നെ പദ്ധതിക്ക് അനുകൂലമായ നടപടികൾ ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.
വ്യാവസായിക, ഗതാഗത രംഗത്ത് പദ്ധതി ഏറെ പ്രയോജനം ചെയ്യും. പദ്ധതി യാഥാർഥ്യമായാൽ വ്യാവസായിക രംഗത്തെ നടത്തിപ്പ് ചെലവ് ഗണ്യമായി കുറയും. പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ പ്രകൃതിവാതക ഇന്ധനവും, ഗതാഗത മേഖലയ്ക്ക് സി.എന്‍.ജി ( ദ്രവീകൃത പ്രകൃതി വാതകം ) രൂപത്തിലും ഈ പൈപ്പ് ലൈനിലൂടെ ഇന്ധനം ലഭ്യമാക്കും. പെട്രോൾ, ഡീസൽ എന്നിവയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ഒരു ഇന്ധനം ആണ് ദ്രവീകൃത പ്രകൃതി വാതകം. സി.എൻ.ജി പുറത്തുവിടുന്ന വിഷവാതകങ്ങളുടെ അളവ് മറ്റു ഇന്ധനങ്ങളെ അപേക്ഷിച്ച് കുറവാണ്. ഇതിന് വായുവിനേക്കാൾ ഭാരം കുറവായതുകൊണ്ടുതന്നെ ഇന്ധന ചോർച്ച ഉണ്ടാകുന്നപക്ഷം വായുവിൽ പെട്ടെന്ന് തന്നെ ലയിച്ചു ചേരുന്നു. അതിനാൽ ഇത് മറ്റ് ഇന്ധനങ്ങളേക്കാൾ സുരക്ഷിതവും ആണ്. ബസ്സുകൾ, ഓട്ടോറിക്ഷകൾ, സ്വകാര്യ വാഹനങ്ങൾ, ഉൾപ്പെടെയുള്ള ഗതാഗത സൗകര്യത്തിനും പദ്ധതി ഗുണകരമാണ്. പ്രകൃതിവാതകം പോലെ ശുദ്ധമായ ഊര്‍ജ്ജ ഉപയോഗം അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയും അതുവഴി വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.