പെരുമ്പാവൂർ : ശുചിത്വമുള്ള പെരുമ്പാവൂർ എന്ന ആശയം മുൻനിർത്തി വൃത്തി – പ്രവൃത്തി ശുചീകരണ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കുമെന്ന് എൽദോസ് കുന്നപ്പള്ളി ൽ എംഎൽഎ പറഞ്ഞു. പെരുമ്പാവൂർ നഗരസഭയിലാണ് പൈലറ്റ് പ്രോജക്ട് ആയി പദ്ധതി അവതരിപ്പിക്കുന്നത്. നഗരസഭ കൗൺസിലർമാർ, ആരോഗ്യപ്രവർത്തകർ, മർച്ചന്റ് അസോസിയേഷൻ, വിവിധ റസിഡൻഷ്യൽ അസോസിയേഷനുകൾ എന്നിവയുടെ ശുചീകരണ യജ്ഞവുമായി ബന്ധപ്പെട്ട ഇഎംഎസ് ടൗൺഹാളിൽ നടന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.
മുൻസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളുടെയും പൊതുജന പങ്കാളിത്തത്തോടെയും വിവിധ കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളോടൊപ്പം വീടുകയറി ശുചിത്വ സന്ദേശ ലഘുലേഖകൾ വിതരണം ചെയ്യൽ, ചിറകൾ നവീകരിക്കൽ, പെരിയാർ സംരക്ഷണ സദസ്സ്, കുടിവെള്ള സ്രോതസ്സുകളിൽ സൂപ്പർ ക്ളോറിനേഷൻ, ശുചിത്വ പ്രതിജ്ഞയും ശുചിത്വ സന്ദേശയാത്രയും, ശുചിത്വ സാക്ഷരതാ ക്ലാസ്സുകൾ, ശുചിത്വ കളിക്കൂട്ട ക്യാമ്പുകൾ, പൊതു ഇടങ്ങളിൽ സേവന വാരങ്ങൾ, പ്രൈവറ്റ് ബസ് സ്റ്റാൻഡ് ശുചീകരണ യജ്ഞം, ഹരിത കർമ്മസേനാ സംഗമം, ഉപന്യാസ രചന മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. ഏറ്റവും മികച്ച പ്രവർത്തനങ്ങൾക്ക് അവാർഡുകളും പദ്ധതിയുടെ ഭാഗമായി നൽകുമെന്ന് എംഎൽഎ അറിയിച്ചു. പൊതു നിരത്തുകളിൽ മാലിന്യം വലിച്ചെറിയുന്ന അക്കെതിരെ കർശന നടപടിയെടുക്കാനും യോഗം തീരുമാനിച്ചു.മുൻസിപ്പൽ വൈസ് ചെയർമാൻ ബീവി അബൂബക്കർ , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ രാമകൃഷ്ണൻ , മുൻസിപ്പൽ സെക്രട്ടറി കവിത എസ് കുമാർ , മുൻസിപ്പൽ കൗൺസിലർമാരായ അനിത പ്രകാശ് , സിന്ധു പി എസ് , അഭിലാഷ് പി എസ് , സാലിത സിയാദ് , അരുൺകുമാർ കെ സി , ഷമീന ഷാനവാസ് , ദീപ ബേബി , ശുചിത്വ മിഷൻ ജില്ലാ പ്രതിനിധി വനജാ തമ്പി എന്നിവർ പ്രസംഗിച്ചു .