കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പാറമടയില്‍ നൂറുകണക്കിന് ലോഡ് മാലിന്യങ്ങള്‍ നിക്ഷേപിക്കുകയും സമീപത്തുള്ള കുടിവെള്ള സ്രോതസ്സുകള്‍ ഉള്‍പ്പെടെ മലിനപ്പെടുകയും ചെയ്തിട്ട് മാസങ്ങളായി. ഏറെ ചര്‍ച്ചയാവുകയും വിവാദമാവുകയും ചെയ്‌ത പ്രശ്നത്തില്‍ പ്രദേശവാസികളും പഞ്ചായത്ത് ഭരണസമിതിയും ആരോഗ്യവകുപ്പും റവന്യൂ അധികാരികളും ഇടപെടുകയും മാലിന്യം നീക്കം ചെയ്യാന്‍ നടപടി ഉണ്ടാകുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നതാണ്. മൂവാറ്റുപുഴ സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി പാറമട ഉടമയുടെ ചെലവില്‍ മാലിന്യം നീക്കം ചെയ്യണമെന്ന് വിധിക്കുകയും അല്ലാത്തപക്ഷം പഞ്ചായത്ത് സെക്രട്ടറി തുടര്‍നടപടി കൈക്കൊള്ളാന്‍ ഉത്തരവിട്ടിട്ടുള്ളതുമാണ്.
ജില്ല കളക്ടര്‍ക്ക് കൊടുത്ത പരാതിയെ തുടര്‍ന്ന് ജൂലൈ 19 നുള്ളില്‍ മാലിന്യനീക്കം നടത്തണമെന്ന് ആര്‍.ഡി.ഒ.ഉത്തരവിട്ടിട്ടുള്ളതുമാണ്. എന്നാല്‍ നാളിതുവരെ മാലിന്യം നീക്കം ചെയ്യാന്‍ തയ്യാറാകാതെ ഒരു പ്രദേശത്തെ ജനങ്ങളെയൊന്നാകെ പകര്‍ച്ചവ്യാധികളിലേക്കും , പരിസര കുടിവെള്ള മലിനീകരണത്തിലേക്കും തള്ളിവിടുകയാണ്. അധികാരികളും രാഷ്ട്രീയ നേതൃത്വങ്ങളും പഞ്ചായത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വിഷയത്തില്‍ അടിയന്തിരമായി ഇടപെടുകയും പരിഹാരം കണ്ടെത്തുകയും വേണം. ഒരു ഭാഗത്ത് ഗ്രാമപഞ്ചായത്ത് ക്ളീന്‍ നെല്ലിക്കുഴി പദ്ധതി നടപ്പാക്കുകയും മറുഭാഗത്ത് സ്വകാര്യ വ്യക്തി മാലിന്യനിക്ഷേപം നടത്തി ജനങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്നതില്‍ അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പി.ഡി.പി.പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
സ്വകാര്യ വ്യക്തിയുടെ മാലിന്യ നിക്ഷേപ കേന്ദ്രം സന്ദര്‍ശിച്ച പി.ഡി.പി.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഖാദര്‍ ആട്ടായം ,സെക്രട്ടറി അഷറഫ് ബാവ , മണ്ഡലം ട്രഷറര്‍ റ്റി.എം.അലി, സുബൈര്‍ പൂതയില്‍ തുടങ്ങിയവര്‍ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് അറിയിച്ചു.