കവളങ്ങാട്: പുളിന്താനം ഗവ യുപി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി ലിയ അന്ന ലാൽ തനിക്ക് ലഭിച്ച മുഖ്യമന്ത്രിയുടെ അഭിനന്ദന കത്തുമായി സ്‌കൂളിലെത്തിയപ്പോൾ കൂട്ടുകാർക്കും അധ്യാപകർക്കുമിടയിൽ താരമായി മാറി. യുകെജി മുതൽ ചിത്രരചനയിൽ താൽപര്യമുള്ള ലിയ പെൻസിൽ ഡ്രോയിംഗിൽ മുഖ്യമന്ത്രിയുടെ ചിത്രം വരച്ച് മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കുകയായിരുന്നു. കൊച്ചുകുട്ടിയുടെ ചിത്രരചന കണ്ട മുഖ്യമന്ത്രി തിരികെ അഭിനന്ദനമറിയിച്ച് കത്തയച്ചതോടെ ലിയയുടെ വരയ്ക്ക് അഭിനന്ദന പ്രവാഹമായി. വരകൾക്ക് പുറമെ മോണോ ആക്ട്, കഥാപ്രസംഗ വേദികളിലും ലിയ നിറസാന്നിധ്യമാണ്്. തന്റെ മുന്നിൽ നിൽക്കുന്ന അധ്യാപകരെ വരച്ചാണ് ലിയയുടെ ആദ്യപാഠങ്ങൾ.
മനസിൽ ഹൃദിസ്ഥമാക്കിയ ചിത്രങ്ങൾ കാൻവാസിലാക്കാൻ പ്രേരിപ്പിച്ചത് സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ സുനിൽ കുമാറാണ്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർണ പിന്തുണയോടെ ശ്രീനാരായണ ഗുരു അടക്കമുള്ളവരുടെ ചിത്രങ്ങൾ വരക്കാനുള്ള തയ്യാറെടുപ്പിലാണ് ലിയ. പിണറായി സർക്കാർ വന്ന ശേഷം തന്റെ സ്‌കൂളിൽ പുതിയ കെട്ടിടം നിർമിക്കുകയും മികവിന്റെ കേന്ദ്രമാക്കുകയും ചെയ്ത സന്തോഷത്തിലാണ് മുഖ്യമന്ത്രിയുടെ ചിത്രം വരച്ചതെന്ന് ഈ കൊച്ചുമിടുക്കി പറഞ്ഞു. പോത്താനിക്കാട് കല്ലുങ്കൽ ലാൽ തോമസിന്റെയും ഷൈബിയുടെയും ഏക മകളാണ് ലിയ.