കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വാരപ്പെട്ടി സി എച്ച് സി യിൽ ഒരു കോടി എൺപത് ലക്ഷം രൂപ മുടക്കി നിർമിക്കുന്ന പുതിയ ഐസൊലേഷൻ ബ്ലോക്കിന്റെ നിർമ്മാണം ആരംഭിച്ചു.ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കിഫ്‌ബി ഫണ്ടിൽ നിന്നുമായിയാണ് പദ്ധതിക്ക് ആവശ്യമായ
ഒരു കോടി എൺപത് ലക്ഷം രൂപ ചെലവഴിക്കുന്നത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. കോവിഡ് മഹാമാരിക്കൊപ്പം തന്നെ മറ്റ് പകർച്ച വ്യാധികളും മൂലം ഐസൊലേഷൻ ആവശ്യമായി വരുന്നവർക്ക് ആവശ്യമായ സൗകര്യമൊരുക്കുന്നതിനായിട്ടാണ് പുതിയ ഐസൊലേഷൻ കെട്ടിടം നിർമ്മിക്കുന്നത്.ഇതിന്റെ ഭാഗമായി ഐസൊലേഷൻ ആവശ്യമായി വരുന്ന രോഗികൾക്ക് മറ്റ് രോഗികളുമായി സമ്പർക്കം വരാതെ ചികിത്സാ സൗകര്യമൊരുക്കും.പതിനഞ്ച് ബെഡ്ഡുകൾ ഉള്ള ഐ സി യു സൗകര്യമുള്ള ഐസൊലേഷൻ വാർഡ് ഉൾപ്പെടുന്ന ബ്ലോക്കാണ് നിർമ്മിക്കുന്നത്.ഡോക്ടേഴ്സ് റൂം,നഴ്സസ് റൂം,എമർജൻസി പ്രൊസീജർ റൂം,മെഡിക്കൽ ഗ്യാസ് സ്റ്റോറേജ് ആന്റ് കൺട്രോൾ,ഓവർ ഹെഡ് വാട്ടർ ടാങ്ക്,ഡീസൽ ജനറേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഇതിന്റെ ഭാഗമായി ഒരുക്കും.പുതുതായി നിർമ്മിക്കുന്ന ഐസൊലേഷൻ ബ്ലോക്കിൽ ചികിത്സ സൗകര്യത്തിനായി പ്രത്യേക ഉപകരണ സംവിധാനങ്ങളും ഇതോടൊപ്പം തയ്യാറാക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി,ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്ജ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മായിൽ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഡയാന നോബി,ജോമി തെക്കേക്കര,ജെയിംസ് കോറമ്പേൽ,ഡി എം ഓ ഡോക്ടർ ശ്രീദേവി എസ്,ആർദ്രം നോഡേൽ ഓഫീസർ ഡോക്ടർ രോഹിണി,പഞ്ചായത്ത് മെമ്പർമാരായ കെ എം സെയ്ത്,കെ കെ ഹുസൈൻ,പി പി കുട്ടൻ,എയ്ഞ്ചൽ മേരി ജോബി,ദീപ ഷാജു,ഷജി ബെസി എന്നിവർ പങ്കെടുത്തു.നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും, വാരപ്പെട്ടി ആശുപത്രിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും എം എൽ എ പറഞ്ഞു.