കോതമംഗലം : കായിക കേരളത്തിന്റെ തലസ്ഥാനമായ കോതമംഗലത്ത് 15.83 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ചേലാട് സ്റ്റേഡിയ നിർമ്മാണത്തിന്റെ തുടർ നടപടികൾ വേഗത്തിലാകുമെന്ന് കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച് ആന്റണി ജോൺ എം എൽ എ ഉന്നയിച്ച നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.സ്റ്റേഡിയ നിർമ്മാണത്തിന്റെ നിർവ്വഹണ ഏജൻസിയായ കിറ്റ്കോ ലിമിറ്റഡ് തയ്യാറാക്കി സമർപ്പിച്ചിട്ടുള്ള വിശദമായ ഡി പി ആറിന് സാങ്കേതിക അനുമതി ലഭ്യമാക്കി നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുന്നതിനു വേണ്ട സത്വര നടപടി സ്വീകരിക്കണമെന്ന് എം എൽ എ നിയമസഭയിൽ ആവശ്യപെട്ടു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സ്റ്റേഡിയങ്ങളിൽ ഉൾപ്പെട്ട കോതമംഗലം ചേലാട് സ്റ്റേഡിയം നിർമ്മിക്കുന്നതിനുള്ള പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭ്യമായിട്ടുണ്ടെന്നും പ്രസ്തുത പദ്ധതിയുടെ ടെൻഡർ നടപടികൾ ആരംഭിക്കുന്നതിന് മുൻപ് സങ്കേതിക അനുമതി ലഭ്യമാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.കോവിഡ് 19 ന്റെ വ്യാപനത്തിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ കാരണമാണ് സങ്കേതിക അനുമതി നേടുന്നതിനുള്ള കാലതാമസം നേരിട്ടതെന്നും,ഈ മാസം ചേരുന്ന കിഫ്ബി പദ്ധതികളുടെ സങ്കേതിക സമിതിയിൽ പ്രസ്തുത പദ്ധതി സമർപ്പിച്ച് സങ്കേതിക അനുമതി ലഭ്യമാക്കി തുടർ നടപടികൾ വേഗത്തിലാക്കുമെന്നും കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ ആന്റണി ജോൺ എം എൽ എ യെ നിയമ സഭയിൽ അറിയിച്ചു.