
കോതമംഗലം : പെൻസിൽ കൊണ്ട് നിരവധി വിസ്മയ ചിത്രങ്ങൾ കോറിയിടുന്ന “കുട്ടി ചിത്രകാരനാണ് അഖിൽ എസ് . ജീവൻ തുടിക്കുന്ന നിരവധി ചിത്രങ്ങളാണ് അഖിൽ തന്റെ കൊച്ചു പെൻസിൽ കൊണ്ട് വരച്ചു കൂട്ടിയിട്ടുള്ളത്. അതിൽ കോതമംഗലത്തിന്റെ ജനകിയാനായ യുവ എം എൽ എ ആന്റണി ജോണും ഉൾപെടും. ഇപ്പോൾ എൽ ഡി എഫിന്റ മിന്നും വിജയത്തിൽ സന്തോഷിച്ചു കേരളത്തിന്റെ സ്വന്തം ക്യാപ്റ്റനെ വരച്ചു ജന ശ്രദ്ധനേടിയിരിക്കുകയാണ് ഈ കുട്ടി കലാകാരൻ. കേരളത്തിൽ പുതു ചരിത്രം രചിച്ച പിണറായി വിജയനാണ് അഖിലിന്റെ ഇപ്പോളത്തെ ഹീറോ.
പ്രതിസന്ധി ഘട്ടത്തിൽ കേരള ജനതയെ നെഞ്ചോടു ചേർത്ത ഈ മനുഷ്യനെയല്ലാതെ വേറെ ആരെയാണ് താൻ ഹീറോ ആയി കാണേണ്ടത് എന്നാണ് അഖിലിന്റെ പക്ഷം. അതുകൊണ്ട് തന്നെയാണ് “കുട്ടി ചിത്രക്കാരനായ അഖിൽ, താൻ വരയ്ക്കാൻ പെൻസിൽ എടുത്തപ്പോൾ തന്നെ മനസ്സിൽ തെളിഞ്ഞു വന്ന രൂപവും പിണറായിയുടേത് ആയത്.
കേരളത്തിൽ ഒരാളെപ്പോലും പട്ടിണിക്കിടാത്ത, വീടില്ലാത്തവർക്ക് വീട് നൽകിയ, നായകളും വാനരന്മാർക്കും ഭക്ഷണം കിട്ടുന്നുണ്ടോ എന്ന് അന്വേഷിച്ച, തകർന്ന് വീഴാറായ സർക്കാർ സ്കൂളുകൾ ഹൈടെക് ആക്കിയ, പൊതുവിദ്യാലയങ്ങളിലേക്ക് 5 ലക്ഷത്തോളം അധികം വിദ്യാർത്ഥികളെ എത്തിച്ച , സർക്കാർ ആശുപത്രികൾ ഹൈടെക് ആക്കിയ ഈ മനുഷ്യനെ അല്ലേ ഞാൻ ഹീറോ ആക്കേണ്ടത് അഖിൽ വാചാലനായി. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് രണ്ടാം വർഷ ബി. കോം വിദ്യാർത്ഥിയായ അഖിൽ സ്കൂൾ വിദ്യാഭ്യാസ കാലത്ത് 6 മാസം വർണ്ണപീഠം ചിത്രകലാ വിദ്യാലയത്തിൽ പഠിച്ചതല്ലാതെ വരയിൽ വേറെ പരിശീലനം ലഭിച്ചിട്ടില്ല.
സ്വന്തം കഴിവ് കൊണ്ട് തന്നെ വരയുടെ ലോകത്ത് തിളങ്ങുകയാണ് മാതിരപ്പിള്ളി കളപ്പുരപുത്തൻപുര കെ. പി. ശങ്കരൻകുട്ടിയുടെയും, രാജശ്രീയുടെയും മകനായാ ഈ ചിത്രകാരൻ. കോതമംഗലം വിമലഗിരി പബ്ലിക് സ്കൂളിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ സഹോദരൻ ആകാശും ചേട്ടനെപോലെ വരയുടെ വഴിയിൽ തന്നെയാണ്.



























































