കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം കവലയില്‍ ഉദ്ഘാടനം ചെയ്തു.
കുട്ടമ്പുഴ, കീരംപാറ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി പര്യടനം പൂര്‍ത്തിയാക്കി. വന മേഖലകളോട് ചേര്‍ന്ന് താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇതിനായി സ്ഥിരപരിഹാര മാര്‍ഗങ്ങള്‍ നടപ്പാക്കാന്‍ യുഡിഫ് മുന്‍കൈ എടുക്കുമെന്ന് സ്ഥാനാര്‍ത്ഥി ഉറപ്പ് നല്‍കി. യുഡിഎഫ് കുട്ടമ്പുഴ മണ്ഡലം ചെയര്‍മാന്‍ ജോഷി പൊട്ടക്കന്‍ അധ്യക്ഷനായി.
വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിന്റെ തൃക്കാരിയൂര്‍, കോതമംഗലം മേഖലകളിലെ പര്യടനം. പത്തു വര്‍ഷം കൊണ്ട് നാലായിരം കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ നടപ്പാക്കിയതായി പറഞ്ഞു.
തൃക്കാരിയൂര്‍ തടത്തികവലയില്‍നിന്ന് ആരംഭിച്ച പര്യടനം സിപിഐ സംസ്ഥാന കമ്മിറ്റി അംഗം പി.കെ രാജേഷ് ഉദ്ഘാടനം ചെയ്തു. പുതുപ്പാടി താണിക്കത്തടം നഗറില്‍ പര്യടനം സമാപിച്ചു. ഇരുചക്ര വാഹനങ്ങളുടെ അകന്പടിയോടെയായിരുന്നു സ്ഥാനാര്‍ത്ഥി പര്യടനം. വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണമൊരുക്കി.
എന്‍ഡിഎ സ്ഥാനാര്‍ഥി അജി നാരായണന്റെ പര്യടനം കോട്ടപ്പടി നാഗഞ്ചേരി കവലയില്‍ എറണാകുളം ഈസ്റ്റ് ബിജെപി പ്രസിഡന്റ് പി.പി സജീവ് ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടപ്പടി തുരങ്കം, കൊള്ളിപ്പറമ്പ്, ഹൈസ്‌കൂള്‍ കവല, പ്ലാമുടി, ചേരങ്ങനാല്‍, മുട്ടത്തുപാറ, വടക്കുംഭാഗം, ഉപ്പുകണ്ടം, കുറുമറ്റം, കനാല്‍ മണ്ട്, കുഴി, കാവുംപടി, തൃക്കാരിയൂര്‍ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ആയക്കാട് കവലയില്‍ സമാപിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് സിന്ധു പ്രവീണ്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഇ.കെ അജിത് കുമാര്‍, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് എം.ബി തിലകന്‍, അജേഷ് തട്ടേക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.






















































