കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തു തന്നെ ബഫർ സോൺ വരത്തക്ക വിധത്തിൽ സങ്കേതത്തിന്റെ അതിർത്തി പുനർ ക്രമീകരിക്കുന്നതതു വരെ സമരം തുടരുമെന്ന് ജില്ലാ യുഡിഎഫ്.
ജനുവരി മൂന്നിന് കോതമംഗലം കെഎസ്ആർടിസി ജംഗ്ഷനിൽ ജന ജാഗ്രത സദസ്സ് സംഘടിപ്പിക്കും. വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ബഫർ സോൺ വിഷയത്തിൽ യുഡിഎഫ് നടത്തുന്ന പ്രക്ഷോഭത്തിനു മുന്നോടിയായി നടന്ന സമര പ്രഖ്യാപന കൺവെൻഷൻ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.
തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ഉള്ളിലും പരിസരത്തുമായി പതിനാറായിരത്തോളം ജനങ്ങളും അവരുടെ വാസസ്ഥലങ്ങളും കൃഷിയിടങ്ങളുമാണ് ബഫർ സോണിനുള്ളിൽ വരുന്നത്. കുട്ടമ്പുഴ, തട്ടേക്കാട്, ഉരുളൽതണ്ണി എന്നീ പ്രദേശത്തെ ഒട്ടേറെ വീടുകൾ പക്ഷി സങ്കേതത്തിനുള്ളിലാണ്. കൂടാതെ 9 ചതുരശ്ര കിലോമീറ്റർ ബഫർ സോൺ പരിധിയിൽ വരുന്നതോടെ കുട്ടമ്പുഴ പഞ്ചായത്തിൽ മാത്രം പന്ത്രണ്ടായിരം പേർ സംരക്ഷിത വനമേഖലയിൽ ഉൾപ്പെടും. കീരംപാറ പഞ്ചായത്തിലെ അഞ്ചു വാർഡുകളിലായി താമസിക്കുന്ന നാലായിരത്തോളം പേർ ബഫർ സോണിലായി മാറും. ബഫർ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങൾ ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധികൾ കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. ജില്ലാ ആക്ടിങ് ചെയർമാൻ കെ.പി.ധനപാലൻ അധ്യക്ഷത വഹിച്ചു.
മാത്യു കുഴൽനാടൻ എംഎൽഎ,പി.സി.തോമസ്,വി.പി. സജീന്ദ്രൻ,ഫ്രാൻസീസ് ജോർജ്,കെ.എം.അബ്ദുൾ മജിദ്,ടി.യു.കുരുവിള,ഷിബു തെക്കുംപുറം,ഉല്ലാസ് തോമസ്,ജയ്സൺ ജോസഫ്, വി.ജെ. പൗലോസ്, ഇ.എം.മൈക്കിൾ,ജോർജ് സ്റ്റീഫൻ, കെ.കെ.ചന്ദ്രൻ, അബു മൊയ്ദീൻ, ബൈജു മേനാച്ചേരി, കെ.ബി.മുഹമ്മദ്കുട്ടി, പി.പി.ഉതുപ്പാൻ,കെ.പി. ബാബു, എ.ജി.ജോർജ്, പി.കെ.മൊയ്തു,എം.എസ്.എൽദോസ്,എബി എബ്രഹാം,എ.ടി.പൗലോസ്,പി.എ.എം ബഷീർ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : ബഫർ സോൺ വിഷയത്തിൽ യുഡിഎഫ് നടത്തുന്ന പ്രക്ഷോഭത്തിനു മുന്നോടിയായി നടന്ന സമര പ്രഖ്യാപന കൺവെൻഷൻ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യുന്നു. ജയ്സൺ ജോസഫ്, ഷിബു തെക്കുംപുറം,വി.പി.സജീന്ദ്രൻ,ഇ.എ.മൈക്കിൾ, ടി.യു.കുരുവിള, കെ.പി. ധനപാലൻ, വി.ജെ. പൗലോസ്,ജോർജ് സ്റ്റീഫൻ, ബൈജു മേനാച്ചേരി,കെ.എം. അബ്ദുൽ മജീദ് എന്നിവർ മുൻനിരയിൽ.