മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിലെ വള്ളിക്കട കടവില്‍ നിന്നും ഞായറാഴ്ച വൈകിട്ട് ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പരീക്കപീടിക അടയ്ക്കാമുണ്ടക്കല്‍ ബിനുവിന്റെ മകന് ക്രിസ് (17) നായുള്ള തിരച്ചിലാണ് ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് 6 ഓടെ ആറംഗ സംഘം വള്ളിക്കട കടവില്‍ കുളിക്കുന്നതിനായി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. അടിയൊഴുക്കുള്ള സ്ഥലത്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ ഒഴുക്കല്പ്പെടുകയായിരുന്നു.
ഇവരില്‍ ഒരാള്‍ സ്വയമേ നീന്തി രക്ഷപ്പെട്ട് കരയ്ക്കെത്തിയിരുന്നു. എന്നാല്‍ ക്രിസിനെയും, വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകന് അശ്വിന് (17) നെയും ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. ഉടന്‍തന്നെ മൂവാറ്റുപുഴ ഫയര്‍ഫോഴ്സും, സ്കൂബ ടീമും, കോതമംഗലം ഫയര്‍ഫോഴ്സിലെ സ്കൂബ ടീമും, നാട്ടുകാരും ചേര്‍ന്ന് സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചെങ്കിലും ഞായറാഴ്ച രാത്രി വൈകിയും ഇരുവരെയും കണ്ടെത്താനായിരുന്നില്ല.
തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ ആറോടെ മൂവാറ്റുപുഴയിലെ സേനാംഗങ്ങളും, സ്കൂബ ടീമും, തൊടുപുഴയില്‍ നിന്നുള്ള സ്കൂബ ടീമും ചേര്‍ന്ന് നടത്തിയ തിരച്ചില്‍ സമീപത്തെ കടവില്‍ നിന്നും അശ്വിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഡീന്‍ കുര്യാക്കോസ് എംപി, അവോലി പഞ്ചായത്ത് പ്രസിഡന്റ് ജോജി ജോസ് തുടങ്ങിയവര്‍ സംഭവസ്ഥലത്ത് സന്ദര്‍ശനം നടത്തി.
വിവിധ സംഘങ്ങള്‍ ചേര്‍ന്ന് ക്രിസിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ക്രിസ് കദളിക്കാട് വിമല മാതാ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും അശ്വിന് മൂവാറ്റുപുഴ എസ്എന്‍ഡിപി സ്കൂളിലും പ്ലസ് ടു പരീക്ഷ കഴിഞ്ഞവരാണ്.





















































