കോതമംഗലം: ആറുമാസത്തെ ഇടവേളയ്ക്കുശേഷം ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ അടച്ചു. ജലനിരപ്പുയർന്നതോടെ ബോട്ടിങ്ങിനുള്ള ഒരുക്കവും തുടങ്ങി. ഇന്ന് മുതൽ മുഴുവൻ ബോട്ടുകളും സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു. 50 പേർക്കു വീതമുള്ള നാല് ഹൗസ്ബോട്ടും ഒമ്പത് പേർക്കിരിക്കാവുന്ന ആറു ചെറിയ ബോട്ടുകളുമാണിവിടെയുള്ളത്. രണ്ട് ടൂറിസം സീസണുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ ഇക്കുറി കൂടുതൽ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ്. ഭൂതത്താൻകെട്ടിൽ എത്തുന്ന സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് പെരിയാറിലൂടെയുള്ള ബോട്ടുസവാരി. തട്ടേക്കാട്, കുട്ടമ്പുഴ, ഇഞ്ചത്തൊട്ടി, നേര്യമംഗലം വരെ ബോട്ടിലൂടെ കാടിന്റെ ഭംഗി ആസ്വദിച്ച് സവാരി നടത്താം.
പഴയ ഭൂതത്താൻകെട്ടിലേക്ക് കാനനവീഥിയിലൂടെയുള്ള യാത്രയും രസകരമാണ്. ബാരിയേജിന്റെ ഷട്ടർ വീണതോടെ പെരിയാർ വിനോദ സഞ്ചാരത്തിനൊപ്പം കുടിവെള്ളത്തിനും കാർഷിക മേഖലയിലെ ജലസേചനത്തിനും തുടിപ്പേകും. ബാരിയേജിന്റെ പതിനഞ്ച് ഷട്ടറുകളിൽ പതിമൂന്നും അടച്ചു. കുടിവെള്ള പദ്ധതികൾക്കായി രണ്ട് ഷട്ടറുകൾ 30 സെ.മീ. വീതം തുറന്നിട്ടുണ്ട്. ഇപ്പോഴത്തെ ഡാമിലെ ജലനിരപ്പ് 34 മീറ്ററാണ്. ജലനിരപ്പ് 34.95 മീറ്ററിലെത്തുന്നതോടെ കനാലുകൾ തുറക്കുന്നതിന് മുന്നോടിയായി ട്രയൽ നടത്തി.