മൂവാറ്റുപുഴ :രണ്ടരലക്ഷത്തോളം വിലവരുന്ന ഹെറോയിൻ മയക്കുമരുന്നുമായി ബംഗാൾ സ്വദേശി മൂവാറ്റുപുഴ പോലീസിന്റെ പിടിയിൽ. മുളവൂർ തച്ചോടത്തുംപടി ഭാഗത്ത് വാടകക്ക് താമസിച്ചുവരുന്ന ബംഗാൾ മുർഷിദാബ്ബാദ് ഫരീദ്പൂർ സ്വദേശി ഖുസിദുൽ ഇസ്ലാമിനെ (34) ആണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 23 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. റൂറൽ ജില്ല പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശേധനയിലാണ് പ്രതി പിടിയിലാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മുൻകാല കുറ്റവാളികളേയും സമാന കേസുകളിൽ പിടിക്കപ്പെട്ടവരേയും നിരീക്ഷിച്ചുവരികയായിരുന്നു. ഒരാഴ്ച മുമ്പാണ് ഇയാൾ കൊൽക്കത്തയിൽ നിന്ന് എത്തിയത്.
അതിഥി തൊഴിലാളികളുടെ ഇടയിൽ വിൽപ്പനയായിരുന്നു ഇയാളുടെ ലക്ഷ്യം. പോലീസിനെ കണ്ട് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചുപിടികൂടുകയായിരുന്നു. കീച്ചേരിപ്പടി ഭാഗത്ത് കേന്ദ്രീകരിച്ചാണ് പ്രതി മയക്കു മരുന്ന് വില്പന നടത്തിവന്നിരുന്നത്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ് റിയാസിന്‍റെ മേൽനോട്ടത്തിൽ എസ് എച്ച് ഒ സി.ജെ.മാർട്ടിൻ എ എസ് ഐ പി.സി.ജയകുമാർ, സി പി ഒ ബിബിൽ മോഹൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.