പോത്താനിക്കാട്: ബംഗ്ളുരൂവില്‍ സി.ഐ.എസ്.എഫ്. ഐജി ആയി മലയാളിയായ ജോസ് മോഹന്‍ ഐപിഎസ് ചുമതലയേറ്റു. പോത്താനിക്കാട് ആനത്തുഴി കൊച്ചുമുട്ടം സേവ്യര്‍ – അന്നക്കുട്ടി ദമ്പതികളുടെ മകനായ ഇദ്ദേഹം ഇക്കഴിഞ്ഞ സ്വാതന്ത്യദിനത്തില്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ കരസ്ഥമാക്കിയിരുന്നു. അഗ്രിക്കള്‍ച്ചറില്‍ എം.എസ്.സി. പൂര്‍ത്തിയാക്കിയ ജോസ് മോഹന്‍ 2002 ല്‍ അഖിലേന്ത്യ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 59-ാം റാങ്കോടെയാണ് വിജയിച്ചത്. പോലീസ് മാനേജ്മെന്‍റ്, സൈബര്‍ ലോ, സൈബര്‍ ഡിഫന്‍സ് & ഇന്‍ഫര്‍മേഷന്‍ അഷ്വറന്‍സ് എന്നിവയില്‍ പ്രശസ്തമായ സര്‍വകലാശാലകളില്‍നിന്ന് ബിരുദാനന്തര ബിരുദവും, യു.കെ. സര്‍ക്കാരിന്‍റെ ചീവനിംഗ് സ്കോളര്‍ഷിപ്പും നേടിയിട്ടുണ്ട്.
കേരളത്തില്‍ 7 വര്‍ഷത്തെ സിബിഐ പ്രവര്‍ത്തനത്തിനിടയില്‍ തന്ത്രപ്രധാനമായ പല കേസുകളും കൈകാര്യം ചെയ്തിട്ടുള്ള ഇദ്ദേഹം ജയ്പൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടായിരിക്കെ ഏഷ്യയിലെ ഏറ്റവും മികച്ച എസ്പിക്കുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. ബിക്കാനീര്‍ ഐജി, ജോധ്പൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ തുടങ്ങിയ പദവികള്‍ വഹിച്ച ശേഷമാണിപ്പോള്‍ ബംഗ്ളുരുവില്‍ ഐജിയായി ചുമതലയേറ്റിട്ടുള്ളത്.