കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് മുൻ പ്രസിഡന്റും, മുൻ ജില്ലാ പഞ്ചായത്ത് അംഗവും, കോതമംഗലത്തെ സി പി എം ന്റെ മുതിർന്ന നേതാവുമായിരുന്ന അസീസ് റാവുത്തർ (70)അന്തരിച്ചു. വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങാളിലൂടെ വളർന്നു വന്ന് കോതമംഗലത്തെ സി പി ഐ എമ്മിന്റെ പ്രധാന നേതാക്കളിൽ ഒരാളായി മാറിയ വ്യക്തിയായിരുന്നു അസീസ് റാവുത്തർ. സംസ്ക്കാരം പിന്നീട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടിയുള്ള സമർപ്പിത ജീവിതമായിരുന്നു ഇദ്ദേഹത്തിന്റെത്.
1980 ൽ ലുധിയാനയിൽ നടന്ന ഡി വൈ എഫ് ഐ രൂപീകരണ സമ്മേളനത്തിൽ പ്രതിനിധി ആയിരുന്നു. 1987-1992 കാലയളവിൽ നെല്ലിക്കുഴി പഞ്ചായത്ത് അംഗമായി പാർലമെന്ററി ജീവിതത്തിന് തുടക്കം കുറിച്ചു. 2000 – 2005 ൽ നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ആയി പ്രവർത്തിച്ചു. 2000-2010 കാലയളവിൽ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു.
കെ എസ് കെ ടി യു ജില്ലാ പ്രസിഡന്റ്, സി പി ഐ എം കോതമംഗലം ഏരിയാ കമ്മറ്റി അംഗം, വിവിധ ട്രേഡ് യുണിയനുകളുടെ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നെല്ലിക്കുഴി ആഞ്ഞേലിയിൽ കുടുംബാംഗം ആണ്. ഭാര്യ: മിസ. മക്കൾ: ബാദുഷ (കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് ), മിൻസി. മരുമക്കൾ: ഐഷ, നിയാസ് (വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് സീനിയർ ക്ലർക്ക്).
അസീസ് റാവുത്തറുടെ മൃതശരീരം ആസ്റ്റർ ആശുപത്രിയിൽ നിന്നും നെല്ലിക്കുഴിയിലെ വീട്ടിൽ ഇന്ന് വൈകിട്ട് 5 മണിയോടെ എത്തിക്കും. തുടർന്ന് വൈകിട്ട് 6 മണിയോടെ നെല്ലിക്കുഴി കമ്പനിപ്പടിയിലെ നെല്ലിക്കുന്നത്ത് ജുമാ മസ്ജിദിൽ ഖബറടക്കം നടത്തും. സഖാവിന്റെ വേർപാടിലുള്ള അനുശോചനയോഗം നാളെ (ആഗസ്റ്റ് 27 വെള്ളിയാഴ്ച) വൈകിട്ട് 4.30 ന് നെല്ലിക്കുഴി കവലയിൽ നടക്കുമെന്ന് സി.പി.ഐ. (എം) ഏരിയാ സെക്രട്ടറി ആർ.അനിൽകുമാർ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് എന്നിവർ അറിയിച്ചു.
മൊബൈലിൽ വാർത്തകൾ ലഭിക്കുവാൻ.. Please Join..