കോതമംഗലം: പട്ടയ ഭൂമിയിൽ കർഷകർ നട്ടു വളർത്തിയതും സ്വയം കിളിർത്തതുമായ മരങ്ങൾ മുറിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ട് നില നിന്നിരുന്ന അവ്യക്തത നീക്കി പുതിയ ഉത്തരവ് ഇറങ്ങിയതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.17-08-2017 ലെ ജി ഒ (പി)നം: 60/2017/റവ.എസ് ആർ ഒ നം: 621/17 പ്രകാരം പട്ടയ ഭൂമിയിൽ നിന്നും കർഷകർ നട്ടു വളർത്തിയ ചന്ദനം ഒഴികെയുള്ള മറ്റ് മരങ്ങൾ മുറിക്കുന്നതിന് പട്ടാദാർമാർക്ക് അനുമതിയുള്ളതാണെങ്കിലും ഇതു സംബന്ധിച്ച അവൃക്തത നിലനിന്നിരുന്നതിനാൽ കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ,കവളങ്ങാട് പഞ്ചായത്തുകളിലടക്കം വിവിധ പ്രദേശങ്ങളിൽ പട്ടാദാർമാർക്ക് പട്ടയ ഭൂമിയിലെ മരം മുറിച്ചു മാറ്റുവാൻ സാധിക്കാതിരിക്കുന്ന അവസ്ഥ വനം, റവന്യൂ വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തുകയും നിരവധി തവണ ഈ വിഷയം നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു.
എംഎൽഎയുടെ ആവശ്യ പ്രകാരം ഈ വിഷയം സംബന്ധിച്ച് റവന്യൂ,വനം വകുപ്പ് ഉദ്യോഗസ്ഥരുമായി വനം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ നിരവധി തവണ റവന്യൂ വകുപ്പ് മന്ത്രി യോഗം വിളിച്ചു ചേർക്കുകയും ഇക്കാര്യത്തിൽ നിലനിൽക്കുന്ന അവൃക്തതകൾ പരിഹരിക്കുന്നതിനായി സ്പഷ്ടീകരണം എല്ലാ ജില്ലാ കളക്ടർമാർക്കും നൽകേണ്ടതാണെന്നും തീരുമാനമാവുകയും ചെയ്തു.
അതിന്റെ അടിസ്ഥാനത്തിൽ പട്ടയ വ്യവസ്ഥകളിൽ ഭേതഗതി വരുത്തിക്കൊണ്ട് പുറപ്പെടുവിച്ച എസ് ആർ ഒ നം: 621/17 നോട്ടിഫിക്കേഷൻ അനുസരിച്ച് കർഷകർ നട്ടുവളർത്തിയതും,പട്ടയ ഭൂമിയിൽ നിലനിർത്തിയതുമായ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും ഉടമസ്ഥാവകാശം പട്ടാദാർക്കാണ് എന്നും എസ് ആർ ഒ നം: 621/17,17-08-2017 മുതൽ നിലവിലുള്ളതിനാൽ പഴയ പട്ടയ ഫോറത്തിലുള്ള വ്യവസ്ഥകൾ 17-08-2017 മുതൽ കണക്കാക്കേണ്ടതില്ല എന്നും വ്യക്തമാക്കിക്കൊണ്ട് പുതിയ ഉത്തരവിറങ്ങിയതായും, പതിറ്റാണ്ടുകളായി നില നിന്നിരുന്ന പ്രശ്നത്തിന് വ്യക്തത വരുത്തിക്കൊണ്ടുള്ള പുതിയ ഉത്തരവ് ജനങ്ങൾക്ക് ആശ്വാസമേകുന്നതാണെന്നും ആന്റണി ജോൺ എംഎൽഎ പറഞ്ഞു.