കോതമംഗലം: കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം വില്ലാംചിറയില്‍ നിയന്ത്രണംവിട്ട മിനി ലോറി ഡീന്‍ കുര്യാക്കോസ് എം.പി അടക്കമുള്ള ജനപ്രതിനിധികള്‍ നിന്നിടത്തേക്ക് പാഞ്ഞടുത്തെങ്കിലും ഓടിമാറാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ലോറി വരുന്നത് കണ്ട് ഓടിമാറുന്നതിനിടെ വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ വില്ലാംചിറ തേക്കിനാട്ടുകുടി നാരായണനെ (75) കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിനി ലോറിയുടെ ഡ്രൈവര്‍ക്കും സഹായിക്കും പരിക്കുണ്ട്.
ദേശീയ പാത നവീകരണ ഭാഗമായി നടത്തിയ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള നാട്ടുകാരുടെ പരാതിയില്‍ പരിശോധനക്കെത്തിയതായിരുന്നു ഡീന്‍ കുര്യാക്കോസ് എംപിയും ദേശീയ പാത ഉദ്യോഗസ്ഥരും മറ്റ് ജനപ്രതിനിധികളും, പ്രദേശവാസികളും. ഇവരുടെ സമീപത്തേക്കാണ് നിയന്ത്രണം വിട്ട ലോറി പാഞ്ഞടുത്തത്. എംപിയും ഉദ്യോഗസ്ഥരും അടക്കം ഓടി മാറാനായതില്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ചൊവ്വാഴ്ച രാത്രി 8 ഓടെയായിരുന്നു അപകടം. വില്ലാംചിറ ഭാഗത്ത് ദേശീയ പാത വികസനത്തിന്റെ ഭാഗമായി സംരക്ഷണ ഭിത്തികെട്ടിയപ്പോള്‍ നിരവധി പേരുടെ വഴികള്‍ അടഞ്ഞ് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംഭവ സമയത്ത് അറുപതോളം ആളുകള്‍ സ്ഥലത്ത് ഉണ്ടായിരുന്നു. അടിമാലി ഭാഗത്ത് നിന്ന് റബ്ബര്‍പാലും കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വില്ലാംചിറ ഇറക്കത്തില്‍ നിയന്ത്രണംവിട്ട മിനി ലോറി വൈദ്യുത പോസ്റ്റിലും റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ദേശീയ പാത കരാര്‍ കമ്പനിയുടെ ടോറസ് ലോറിയിലും ഇടിച്ച് നില്‍ക്കുയായിരുന്നു.