പെരുമ്പാവൂർ : നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട രണ്ട് റോഡ് പ്രവൃത്തികൾക്കായി 15.50 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ആലുവ മൂന്നാർ റോഡ്, പെരുമ്പാവൂർ ആലുവ റോഡ് എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചത്. ശബരിമല പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡുകൾ നവീകരിക്കുന്നത്. പദ്ധതികളുടെ സാങ്കേതികാനുമതി വേഗത്തിൽ ലഭ്യമാക്കുവാൻ എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
8 കിലോ മീറ്റർ ദൈർഘ്യത്തിലാണ് ആലുവ മൂന്നാർ റോഡ് പുനർ നിർമ്മിക്കുന്നത്. 9 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. നിയോജക മണ്ഡലം അതിർത്തിയായ ചെമ്പിറക്കി മുതൽ പട്ടാൽ റോട്ടറി ക്ലബ്ബ് വരെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നവീകരിക്കും. ബി.എം ആൻഡ് ബി.സി നിലവരത്തിലാണ് റോഡിൻ്റെ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നത്.
പെരുമ്പാവൂർ ആലുവ റോഡിൽ 5 കിലോ മീറ്റർ ദൂരത്തിലാണ് നവീകരണം. ഇരു റോഡുകളും പെരുമ്പാവൂർ മണ്ഡലത്തെ സംബന്ധിച്ച് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതികൾ ആണെന്ന് എംഎൽഎ പറഞ്ഞു. മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. ഘട്ടം ഘട്ടമായി എല്ലാ റോഡുകളും മികച്ച നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് അന്ന് എംഎൽഎക്ക് ഉറപ്പു നൽകിയിരുന്നു. ദിശ ബോർഡുകൾ, രാത്രി യാത്രികർക്ക് സഹായകരമായ റിഫ്ലക്ടറുകൾ എന്നിവ ഇതോടൊപ്പം സ്ഥാപിക്കും.