കോതമംഗലം ; വീണ്ടും ചരിത്രം കുറിച്ച് കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂള്‍ . പുതിയ അധ്യായന വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ മാത്രം അഡ്മിഷന്‍ നേടിയിട്ടുളളത് 64 വിദ്യാര്‍ത്ഥികള്‍ രണ്ട് കുട്ടികള്‍ കൂടി എത്തുന്നതോടെ ഇകൊല്ലം ഒന്നാം ക്ലാസ് 3 ഡിവിഷനായി മാറും.
മറ്റ് ക്ലാസുകളിലേക്കായി 50 തോളം വിദ്യാര്‍ത്ഥികള്‍ പുതിയതായി അഡ്മിഷന്‍ വാങ്ങിയിട്ടുണ്ട്.
പൊതു വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് മാത്രം മൂന്ന് ഡിവിഷന്‍ ആയി ഉയരുന്നത് അപൂര്‍വ്വമാണ് ഇത് അധ്യാപകരേയും പി.ടി.എ യും ഏറെ ആഹ്ലാദത്തില്‍ ആക്കിയിട്ടുണ്ട്.
ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കെ ഇത് കുട്ടികള്‍ക്ക് പരമാവധി പ്രയോജന പെടുത്താനും ഇത് ലഭ്യമല്ലാത്ത കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മുടങ്ങാതെ കാണുവാനുളള സൗകര്യം ഒരുക്കാന്‍ അധ്യാപകരുടെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
500 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധന നിറഞ്ഞ വെല്ലുവിളിയാണ് പി.ടി.എ ക്ക് ഉണ്ടാക്കുക. ഈ അധ്യായന വര്‍ഷം ആരംഭത്തില്‍ തന്നെ പുതിയ ഒരു സ്ക്കൂള്‍ ബസ് കൂടി അനുവദിക്കണമെന്ന ആവശ്യവുമായി ഗ്രാമപഞ്ചായത്തിന്‍റെയും കോതമംഗലം എം.എല്‍.എ യുടെയും സഹായം തേടിയിരിക്കയാണ് സ്ക്കൂള്‍ പി.ടി.എ.പുതിയ ക്ലാസ് മുറികള്‍ക്കായി എം.എല്‍.എയുടെയും ഗ്രാമപഞ്ചായത്തിന്‍റെയും ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സ്ക്കൂള്‍ കെട്ടിടത്തിന്‍റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്.
കൂടാതെ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ടൈല്‍ വിരിച്ച ആധുനിക അടുക്കളയുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. കുട്ടികളുടെ ബാഹുല്യം കണക്കിലെടുത്ത് നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഓപ്പണ്‍ ഓഡിറ്റോറിയം വിപുലീകരിക്കുന്ന നിര്‍മ്മാണ ജോലികളും സ്ക്കൂളില്‍ നടക്കുന്നു ഇതെല്ലാം അധികമായി എത്തുന്ന വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മുതല്‍ കൂട്ടാകുമെന്നാണ് സ്ക്കൂള്‍ പി.ടി.എയുടെ കണക്ക് കൂട്ടല്‍.