നെല്ലിക്കുഴി : പായിപ്ര മാനാറിയിലെ സീക്കോ ഫർണീച്ചറിന്റെ ഫാക്ടറിയിൽ നിന്നും കോവിഡ് മഹാമാരിയെ നേരിടാൻ സാനിറ്റൈസർ സ്റ്റാന്റ് വികസിപ്പിച്ചെടുത്തത് ഏതാനും ദിവസങ്ങൾക്കു മുമ്പ്. അറിയപ്പെടുന്ന വ്യവസായ സംരഭകനായ മേനാമറ്റം മമ്മുവും യുവവ്യവസായിയും ജീവകാരുണ്യ കൂട്ടായ്മയായ നന്മ പായിപ്രയുടെ
ടീം ലീഡറുമായ സഹീർ മേനാറ്റവും കാലിക പ്രാധാന്യമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കൊടുക്കാറുമുണ്ട്. അതനുസരിച്ചാണ് അയേൺ മെറ്റീരിയൽ ഉപയോഗിച്ച് സാനിറ്റൈസർ സ്റ്റാന്റ് രൂപകൽപ്പന ചെയ്തത്.
കാലുകൊണ്ടുള്ള പെഡൽ ഓപ്പറേഷനിലൂടെ കൈകളിൽ സാനിറ്റൈസർ പകർന്നുകിട്ടുന്ന ഉപകരണമാണ് നിർമ്മിച്ചിരിക്കുന്നത്. സാനിറ്റൈസർ ബോട്ടിലിൽ കൈകൾ തൊടാതെതന്നെ ശുചീകരണം നടത്താമെന്നതിനാൽ നൂറു ശതമാനം അണുബാധാ വിമുക്തമാണ് ഈ ഉപകരണമെന്ന പ്രത്യേകതയുണ്ട്.
ഉപകരണനിർമ്മാണം പൂർത്തിയായപ്പോൾ ഏ.എം.റോഡിലെ ഇരുമലപ്പടിയിലുള്ള സീക്കോഫർണീച്ചറിന്റെ ഷോറൂമിൽ കൊണ്ടുപോയി വിൽക്കുന്നതിനും മുമ്പ് ഏതാനും സ്കൂളുകൾക്ക് ഇത് സൗജന്യമായി നൽകണമെന്നും അതിൽ ആദ്യമേതന്നെ താനും പിതാവ് മമ്മുവും പഠിച്ചിറങ്ങിയ ചെറു വട്ടൂർ സ്കൂളിന് കൊടുക്കണമെന്നും സഹീർ തീരുമാനിച്ചു. തുടർന്ന് SSLC – ഹയർ സെക്കന്ററി പരീക്ഷ എഴുതാനെത്തുന്ന വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ 2 സ്റ്റാന്റുകൾ സ്ഥാപിക്കുകയായിരുന്നു.
സഹീർ മേനാമറ്റത്തിൽ നിന്നും ഉപകരണം ഏറ്റുവാങ്ങി പി.റ്റി.എ.പ്രസിഡണ്ട്
സലാം കാവാട്ട് പ്രവർത്തനോൽഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഇൻചാർജ്ജ് സിമി പി.മുഹമ്മദ്, പി റ്റി.എ.വൈസ് പ്രസിഡന്റ് എൻ.എസ്.പ്രസാദ്, മദേഴ്സ് പി റ്റി.എ.പ്രസിഡന്റ് റംല ഇബ്രാഹീം, പി.എ.സുബൈർ,എം.ജി.ശശി, പി.എൻ.സന്തോഷ്, മീന എൻ.ജേക്കബ്ബ്, നാരായണി ടീച്ചർ, സുധഎന്നിവർ സംബന്ധിച്ചു.