പെരുമ്പാവൂർ : തന്റെ സമ്പാദ്യം പ്രവാസികൾക്ക് മടക്ക ടിക്കറ്റിനുള്ള സംഭാവനയായി നൽകി കൊച്ചു മിടുക്കൻ. പോഞ്ഞാശ്ശേരി കിഴക്കൻ വീട്ടിൽ മുഹമ്മദ് റെയാദ് ആണ് താൻ ഇത്രയും നാളും സ്വരുക്കൂട്ടി വെച്ചിരുന്ന മൂവായിരം രൂപ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്ക് തിരികെ വരുന്നതിന് ടിക്കറ്റ് എടുക്കുന്നതിനായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എയെ ഏൽപ്പിച്ചത്. പെരുമ്പാവൂർ മണ്ഡലത്തിൽപ്പെട്ട സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്കായി എൽദോസ് കുന്നപ്പിള്ളി നടപ്പിലാക്കുന്ന മനസ് കൊണ്ട് ഒരുമിച്ചു പെരുമ്പാവൂർ പദ്ധതിയിലേക്കാണ് മുഹമ്മദ് റെയാദ് തന്റെ സമ്പാദ്യം നൽകിയത്.
മുടിക്കൽ ക്യൂൻ മേരീസ് ഹൈസ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ് റെയാദ്. വെങ്ങോല പഞ്ചായത്തിൽ പോഞ്ഞാശ്ശേരി കിഴക്കൻ വീട്ടിൽ ഷെമീർ – അനീല ദമ്പതികളുടെ മകൻ ആയ റെയാദ് തന്റെ പിതാവ് പറഞ്ഞു കേട്ട അനുഭവത്തിൽ നിന്നാണ് പ്രവാസികളുടെ ദുരിതം മനസിലാക്കിയത്. റെയാദിന്റെ പിതാവ് ഷെമീർ കിഴക്കൻ അജ്മാനിൽ കമ്പനിയിൽ ഉദ്യോഗസ്ഥനാണ്.
മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ മുക്താർ, വാർഡ് മെമ്പർ അനീസ ഇസ്മായിൽ, അബുബക്കർ പോഞ്ഞാശ്ശേരി, എം.ഇ അഷ്റഫ്, എം.കെ നാസർ, നാസർ കടവിൽ, റഹിം പി.എം എന്നിവർ സംബന്ധിച്ചു.