കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും,ഇതര സംസ്ഥാനത്ത് റെഡ് സോണിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തുന്നവർക്കായി സജ്ജീകരിച്ചിട്ടുള്ള കോതമംഗലത്തെ ആദ്യ ക്വാറൻ്റയ്ൻ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ഇത്തരത്തിൽ മടങ്ങി എത്തുന്നവർക്കായി കോതമംഗലത്ത് മാർ ബസോലിയോസ് ദന്തൽ കോളേജ് നെല്ലിക്കുഴി,ഇന്ദിരഗാന്ധി ദന്തൽ കോളേജ് നെല്ലിക്കുഴി,മാർ ഗ്രിഗോറിയോസ് ദന്തൽ കോളേജ് ചേലാട് എന്നീ മൂന്ന് കേന്ദ്രങ്ങളാണ് ക്വാറൻ്റയിന് വേണ്ടി സജ്ജമാക്കിയിട്ടുള്ളത്. ഇതിൽ മാർ ബസോലിയോസ് ദന്തൽ കോളേജ് ഹോസ്റ്റലിലേക്കാണ് നിരീക്ഷണത്തിൽ കഴിയാനായി ആളുകളെ എത്തിച്ചിട്ടുള്ളത്.
ഇതര സംസ്ഥാനങ്ങളിലെ റെഡ് സോണുകളിൽ നിന്നുമെത്തി വീടുകളിൽ ക്വാറന്റയിനിൽ കഴിഞ്ഞിരുന്നവരെ ആരോഗ്യ വകുപ്പ് നിർദ്ദേശപ്രകാരവും,ഇതര സംസ്ഥാനങ്ങളിലെ റെഡ് സോണുകളിൽ നിന്നു അതിർത്തി ചെക്പോസ്റ്റിൽ എത്തിയവരെ നേരിട്ട് എത്തിച്ചും ആണ് ഇവിടെ നിരീക്ഷത്തിലാക്കിയിരിക്കുന്നത്. 75 റൂമുകളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ഇവിടത്തെ റൂമുകൾ നിറയുന്നതിനെ തുടർന്നു വരുന്നവരെ മറ്റ് കേന്ദ്രങ്ങളിലേക്ക് അയക്കും.
ആന്റണി ജോൺ എംഎൽഎ,ആർ ഡി ഒ സാബു കെ ഐസക്,തഹസിൽദാർ റേച്ചൽ കെ വർഗ്ഗീസ്,നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി,ക്വാറൻ്റയ്ൻ സെൻ്റർ നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ എൻ എസ് ശ്രീകുമാർ,കോതമംഗലംസി ഐ റ്റിഐ യൂനസ്,ചെറുവട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷെറിൻ സി പി എന്നിവരുടെ നേതൃത്വത്തിലാണ് മാർ ബസോലിയോസ് ദന്തൽ കോളേജ് ഹോസ്റ്റലിൽ ക്വാറൻ്റയ്ൻ സെന്റർ പ്രവർത്തിക്കുന്നത്.