കോതമംഗലം: കോതമംഗലത്ത് കൃഷി വകുപ്പിന്റെ പഴം,പച്ചക്കറി സംഭരണ വിപണനത്തിന് ആന്റണി ജോൺ MLA തുടക്കം കുറിച്ചു. വിവിധ പഞ്ചായത്തുകളിൽ നിന്നായി കർഷകർ അവരുടെ ഉൽപ്പന്നങ്ങൾ രാവിലെ മുതൽ എത്തിച്ചിരുന്നു. വെള്ളരി,പടവലം,സാലഡ് കുക്കുമ്പർ, മത്തൻ,കോവക്ക,പച്ചമുളക്,പാവയ്ക്ക,പീച്ചിങ്ങ,ചുരങ്ങ,ഏത്തക്കായ, പൈനാപ്പിൾ,ഇഞ്ചി,വഴുതന,വെണ്ട, പയർ,തുടങ്ങിയ എല്ലാ ഇനങ്ങളും വിൽപ്പനയ്ക്കെത്തിയിരുന്നു. മാർക്കറ്റ് വിലയിൽ നിന്നും 5 രൂപ മുതൽ 20 രൂപ വരെ വിലക്കുറച്ചു കൊണ്ടാണ് വിൽപ്പന നടത്തിയത്.കർഷകർക്ക് പരമാവധി ഉയർന്ന വില ലഭ്യമാക്കും.
സംഭരണം പ്രതീക്ഷിച്ചതിനെക്കാൾ കർഷകർക്കും ഉപഭോക്കാക്കൾക്കും ഗുണകരമായിട്ടുണ്ടെന്നും, ഈ സംരഭം കോതമംഗലത്തെ കർഷകർക്ക് ഏറെ ഉപകാരപ്രദമാകുമെന്നും MLA പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം സന്നിഹിതയായിരുന്നു. ബ്ലോക്ക് തലത്തിൽ ഇത്തരം വിപണന കേന്ദ്രം സ്ഥിരം സംവിധാനമാക്കുവാൻ ബ്ലോക്ക് പഞ്ചായത്ത് ഏഴു ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. വിപണന രംഗത്ത് കാര്യക്ഷമമായ ഇടപെടൽ നടത്തുന്നതു സംബന്ധിച്ച കൃഷി വകുപ്പു നിർദ്ദേശത്തെത്തുടർന്നാണ് വിപണന സാദ്ധ്യതയുള്ള കോതമംഗലം ചെറിയ പള്ളിത്താഴത്ത് ഈ സംരംഭം തുടങ്ങിയതെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി പി സിന്ധു അറിയിച്ചു.
കൃഷി ഉദ്യോഗസ്ഥരായ എം എൻ രാജേന്ദ്രൻ,കെ സി സാജു,കെ എം ബോബൻ,ഇ പി സാജു,വി കെ ജിൻസ്,ഷിബു പി ടി,ബേസിൽ പി ജോൺ,രഞ്ജിത് തോമസ്,അഗ്രോ സർവീസ് സെന്റർ അംഗങ്ങളായ എബി ജോൺ,ഷംസുദ്ധീൻ എന്നിവർ സംഭരണ വിപണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി.പ്രവർത്തനം ഞായറാഴ്ചയുൾപ്പെടെ തുടർന്നുള്ള എല്ലാ ദിവസങ്ങളിലും ഉണ്ടായിരിക്കും.ആദ്യ ദിവസം 32 കർഷകരിൽ നിന്നായി 2.5 ടൺ ഉൽപ്പന്നങ്ങളാണ് സംഭരിച്ചത്. കോവിഡ് 19 ൻ്റെ പശ്ചാത്തലവുമായി ബന്ധപ്പെട്ട് വ്യക്തി ശുചിത്വവും,ശാരീരിക അകലം പാലിക്കുന്നതുമുൾപ്പെടെ സർക്കാർ നല്കിയിട്ടുള്ള നിർദ്ദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും MLA അഭ്യർത്ഥിച്ചു.