കോതമംഗലം: ആരോഗ്യത്തിന് ഹാനികരമാകുന്ന കാലാവധി കഴിഞ്ഞ മരുന്ന്, പ്രോട്ടീൻ ഉൽപ്പന്നങ്ങൾ അടങ്ങിയ വസ്തുക്കൾ ജനവാസ മേഖലയിൽ തള്ളി. വടാട്ടുപാറ അരീക്കാ സിറ്റിക്ക് സമീപത്തെ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഒരു ടിപ്പർലോറിയിലും രണ്ട് മിനിലോറികളിലുമായാണ് മാലിന്യം കൊണ്ടുവന്ന് തള്ളിയത്. പുരയിടത്തിൽ മാലിന്യം കുഴിച്ചുമൂടാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. ഉപയോഗശൂന്യമായ മരുന്നുകൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവ പ്ലാസ്റ്റിക് ചാക്കുകളിലാക്കി കുഴിച്ചുമൂടാനാണ് ശ്രമം നടന്നത്.
മീൻ വളർത്തുവാൻ കുഴിയെടുക്കുന്നു എന്നപേരിൽ എടുത്ത കുഴിയിലാണ് മാലിന്യം തള്ളിയത്. നാട്ടുകാർ സംഭവം അറിഞ്ഞതിനെത്തുടർന്ന് കുഴിമൂടുന്നത് തടഞ്ഞു. വനംവകുപ്പിന്റെ ചെക്ക് പോസ്റ്റ് കടന്നാണു രാസവസ്തുക്കൾ അടങ്ങിയ മാലിന്യങ്ങൾ നിറച്ച വണ്ടികൾ വടാട്ടുപാറയിലെത്തിയത്. ചെക്ക് പോസ്റ്റിൽ പരിശോധന നടത്തിയിരുന്നെങ്കിൽ മാലിന്യം കടത്തുന്നത് തടയാനാകുമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. മീൻ വളർത്തലിന് പകരം മാലിന്യം തള്ളുവാനാണ് കുഴിയെടുത്ത് എന്നും , തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം നാട്ടുകാർ മനസ്സിലാക്കുന്നത്.
എറണാകുളത്തെ ഒരു കമ്പനിയിൽ നിന്നുള്ള മാലിന്യമാകുവാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. ഈ സ്ഥാപനത്തിലെ ഡ്രൈവർ വടാട്ടുപാറ സ്വദേശിയാണ്. വയോധികനായ സ്ഥല ഉടമ തെറ്റിദ്ധരിക്കപ്പെട്ടാണ് മാലിന്യം തള്ളാൻ അനുവദിച്ചതെന്നും പോലീസ് പറഞ്ഞു. കുട്ടമ്പുഴ എസ്ഐ ശശികുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
You must be logged in to post a comment Login