കോതമംഗലം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തിട്ടുള്ള കോതമംഗലം മണ്ഡലത്തിലെ വിവിധ സ്കൂളുകളുടെ നിർമ്മാണ പുരോഗതിയുമായി ബന്ധപ്പെട്ട് ഉന്നത തല അവലോകന യോഗം ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ കോതമംഗലം പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ ചേർന്നു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ ജോർജ് ബാസ്റ്റിൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ധന്യ ജനാർദ്ദനൻ, അസിസ്റ്റന്റ് എഞ്ചിനീയർമാരായ ലാലു ഇ ബി,ആൻഡ്രൂ ഫ്രാൻസിസ്,ദിനേശ് റ്റി എം,ബ്ലോക്ക് പ്രോഗ്രാമിങ്ങ് ഓഫീസർ എസ് എം അലിയാർ,ഹെഡ്മാസ്റ്റർമാരായ മൈമൂന കെ,പി അലിയാർ,വർഗീസ് മാത്യൂ,പി റ്റി എ പ്രസിഡന്റുമാരായ കെ എം കെരീം,സലാം കാവാട്ട്,കൈറ്റ്,വാസ്കോസ് ഏജൻസികളുടെ പ്രതിനിധികൾ,കോൺട്രാക്ടറുമാർ തുടങ്ങിയവർ പങ്കെടുത്തു.
പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കോതമംഗലം മണ്ഡലത്തിലെ തെരഞ്ഞെടുത്ത സ്കൂളുകളിൽ വിവിധ സ്കീമുകളിലായി നടന്നു വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. മികവിന്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 5 കോടി രൂപ അനുവദിച്ചിട്ടുള്ള ചെറുവട്ടൂർ മോഡൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ, മികവിന്റെ കേന്ദ്രം പദ്ധതിയിൽ തന്നെ ഉൾപ്പെടുത്തി 3 കോടി രൂപ അനുവദിച്ചിട്ടുള്ള പല്ലാരിമംഗലം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ,2.86 കോടി രൂപ അനുവദിച്ചിട്ടുള്ള ജി എച്ച് എസ് നെല്ലിക്കുഴി,പദ്ധതി ഇനത്തിൽ ഉൾപ്പെടുത്തി 1 കോടി അനുവദിച്ചിട്ടുള്ള ജി എൽ പി എസ് ഇളങ്ങവം,കിഫ്ബി പശ്ചാത്തല വികസനത്തിൽ ഉൾപ്പെടുത്തി 1കോടി അനുവദിച്ചിട്ടുള്ള ജി വി എച്ച് എസ് എസ് നേര്യമംഗലം,1.5 കോടി രൂപ അനുവദിച്ചിട്ടുള്ള മാതിരപ്പിള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ,86 ലക്ഷം രൂപ അനുവദിച്ചിട്ടുള്ള ജി എച്ച് എസ് പിണവുർകുടി,34 ലക്ഷം രൂപ അനുവദിച്ചിട്ടുള്ള ഗവൺമെന്റ് യു പി സ്കൂൾ തട്ടേക്കാട്,15 ലക്ഷം രൂപ അനുവദിച്ച കോഴിപ്പിളളി ഗവൺമെന്റ് എൽ പി എസ്,5 ലക്ഷം രൂപ അനുവദിച്ചിട്ടുള്ള ജി എച്ച് എസ് എസ് പൊയ്ക എന്നീ സ്കൂളുകളിലെ നിർമ്മാണ പ്രവർത്തനങ്ങളാണ് യോഗം വിലയിരുത്തിയത്.
പ്രസ്തുത സ്കൂളുകളിൽ നടന്നു വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും മാർച്ച് മാസം 31-ാം തിയതിക്കു മുമ്പ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീയാക്കുവാനും യോഗത്തിൽ ധാരണയായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.
You must be logged in to post a comment Login